കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ഇബിയും റസാഖിന്റെ കുടുംബവുമായി ബന്ധപ്പെട്ട വിവാദം ഒഴിയുന്നില്ല. റസാഖിന്റെ മകൻ, യൂത്ത് കോൺഗ്രസ് നേതാവായ അജ്മൽ കെഎസ്ഇബി ഓഫീസ് അക്രമിച്ചതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും.
തിരുവമ്പാടിയിൽ വിശദീകരണ യോഗവും നടത്തും. അജ്മലും സഹോദരനും ചേർന്ന് നടത്തിയ ഓഫീസ് ആക്രമണത്തിൽ ഉദ്യോഗസ്ഥർക്കടക്കം പരിക്കേൽക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു. അതേ സമയം വൈദ്യുതി വിച്ഛേദിച്ച കെഎസ്ഇബിക്കെതിരേ മാനഹനിക്ക് കേസ് കൊടുക്കുമെന്ന് റസാഖിന്റെ കുടുംബം പ്രതികരിച്ചു.
കെഎസ്ഇബി ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന കേസിൽ സഹോദരങ്ങളായ അജ്മൽ, ഫഹദ് എന്നിവർക്കെതിരേ പോലീസ് നടപടി തുടരുന്നതിനിടെയാണ് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി വിച്ഛേദിച്ചത്.
എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവച്ചു. ഇതോടെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനം എടുത്തു. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇനി ആക്രമണമുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാൽ വൈദ്യുതി പുനഃസ്ഥാപിക്കാമെന്നും വ്യക്തമാക്കി.
ഇതനുസരിച്ച് കളക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ റസാഖിന്റെ വീട്ടിലെത്തിയെങ്കിലും ഇനി പ്രശ്നമുണ്ടാക്കില്ലെന്ന സത്യവാങ്മൂലത്തിൽ ഒപ്പ് വയ്ക്കാൻ റസാഖും കുടുംബവും തയാറായില്ല. എന്നാൽ വിവാദമായതോടെ മനുഷ്യാവകാശകമ്മീഷൻ അടക്കം ഇടപെട്ടസാഹചര്യത്തിൽ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.
إرسال تعليق