Join News @ Iritty Whats App Group

മാന്നാർ കല കൊലപാതകക്കേസ്; ഭർത്താവിനെ നാട്ടിലെത്തിക്കാനാവാതെ പൊലീസ്, റെഡ്കോർണർ നോട്ടീസിനുള്ള പുതിയ അപേക്ഷ സമർപ്പിച്ചു

മാന്നാർ കല കൊലപാതകക്കേസിലെ ഒന്നാം പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് പുതിയ അപേക്ഷ സമർപ്പിച്ച് അന്വേഷണ സംഘം. റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള അപേക്ഷ ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാൻ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.

റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചത്. ആവശ്യപ്പെട്ട വിവരങ്ങൾ കൂടി ചേർത്താണ് പുതിയ അപേക്ഷ അന്വേഷണസംഘം സമർപ്പിച്ചിരിക്കുന്നത്. അനിൽ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

2009 ഡിസംബറിൽ കാണാതായ മാന്നാർ എരമത്തൂർ സ്വദേശി കലയുടെത് കൊലപാതകമെന്ന് ഈ മാസം ആദ്യമാണ് പുറത്ത് വന്നത്. കലയുടെ ഭർത്താവ് അനിൽകുമാറും സുഹൃത്തുക്കളും ചേർന്ന് കലയെ കൊന്ന് കുഴിച്ചു മൂടിയെന്നാണ് കേസ്. ഒന്നാം പ്രതി അനിൽ കുമാറിനെ ഇതുവരെ ഇസ്രയേലിൽ നിന്ന് നാട്ടിൽ എത്തിക്കാനായില്ല. കേസിൽ അറസ്റ്റിലായ അനിൽകുമാറിന്റെ ബന്ധുക്കൾ കൂടിയായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ രണ്ട് തവണയായി ഒൻപത് ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിലും കൂടുതൽ തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താനായിരുന്നില്ല.

അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധനഫലം വേഗത്തിൽ ലഭ്യമാക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പരിശോധന ഫലം ലഭിക്കാൻ ഇനിയും ഏറെ കാത്തിരിക്കണം. പതിനഞ്ചു വർഷം മുൻപ് നടന്ന കൊലപാതകമായതിനാൽ തെളിവ് ശേഖരണം വെല്ലുവിളി നിറഞ്ഞതാണ്‌. ഇതിനിടെയാണ് അന്വേഷണ സംഘം മറ്റ്‌ തിരിച്ചടികൾ കൂടി നേരിടുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group