ദില്ലി: വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശം നേടാമെന്ന സുപ്രീം കോടതി വിധിക്കെതിരെ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് രംഗത്ത്. ജീവനാംശവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നാണ് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ശരീഅത്ത് നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് ജീവനാംശത്തിനുള്ള അവകാശം 'ഇദ്ദ' കാലയളവ് വരെ മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നത് ആലോചിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് നേതാക്കൾ വ്യക്തമാക്കി. ക്രിമിനൽ നിയമപ്രകാരം വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് മുൻ ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിച്ചത്.
സുപ്രീം കോടതി വിധിയിലെ വിശദവിവരങ്ങൾ
വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശം ലഭിക്കുന്നതിനായി ക്രിമിനല്‍ നടപടി ചട്ടത്തിലെ 125 -ാം വകുപ്പ് പ്രകാരം കേസ് നല്‍കാമെന്ന സുപ്രധാന ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനത്തിനുള്ള 1986 - ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവനാംശത്തിൽ തീരുമാനം എടുക്കേണ്ടതെന്ന വാദം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജീവനാംശം ദാനമല്ലന്നും സ്ത്രീകളുടെ അവകാശമാണെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. വ്യക്തി നിയമത്തിനെക്കാൾ മതേതര നിയമമാണ് ഇക്കാര്യത്തിൽ നിലനില്‍ക്കുകയെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. വിവാഹിതരോ, അല്ലാത്തവരോ ആയ സ്ത്രീകൾക്ക് സി ആർ പി സി പ്രകാരം ജീവനാംശത്തിന് കേസ് നല്കാൻ അവകാശമുണ്ട്. തെലങ്കാന സ്വദേശി നൽകി ഹർജി തള്ളിയാണ് കോടതി ഉത്തരവിറക്കിയത്. വ്യക്തി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ തലാക്ക് ചൊല്ലി വിവാഹമോചിതരായതിനാല്‍ 1986 - ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ജീവവനാംശം എന്നാണ് ഹർജിക്കാരൻ വാദിച്ചത്. ഷാബാനോ വിധി മറികടക്കാൻ 1986 - ൽ കൊണ്ടു വന്ന നിയമപ്രകാരം തന്നെ ജീവനാംശം നിർണയിക്കണം എന്ന വാദമടക്കം തള്ളിക്കൊണ്ട്, സ്ത്രീകളുടെ അവകാശങ്ങൾ മതനിയമങ്ങളിൽ തളയ്ക്കാകില്ലെന്ന സന്ദേശം കൂടിയാണ് പരമോന്നത കോടതി നൽകിയത്.
إرسال تعليق