Join News @ Iritty Whats App Group

അവിശ്വസനീയമായ രക്ഷപ്പെടല്‍, എന്നിട്ടും ഉണ്ണികൃഷ്ണന്‍ ചൂരല്‍മലയിലേക്ക് തന്നെ തിരിഞ്ഞോടി!,വെള്ളാര്‍മല ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണികൃഷ്ണന്‍

ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല ഉണ്ണികൃഷ്ണന്‍. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അയാള്‍ക്കത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍ അയാളുമേറെ പങ്കുവഹിച്ചിരുന്നു. അതാണ്, യാത്രയ്ക്കിടയില്‍ വിവരമറിഞ്ഞ് വിളിച്ച സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ ''എന്റെ സ്‌കൂളും കുട്ടികളുമൊക്കെ ഒലിച്ചു പോയല്ലോ...''എന്ന് പറഞ്ഞ് അയാള്‍ വിങ്ങിക്കൊണ്ടിരുന്നത്. 



വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതശേഷിയറിഞ്ഞ് കേരളം ഞെട്ടാന്‍തുടങ്ങിയ ഇന്നലെ രാവിലത്തെ ആദ്യ മണിക്കൂറുകളില്‍, തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പായുന്ന ഏറനാട് എക്‌സ്പ്രസിലായിരുന്നു ഉണ്ണികൃഷ്ണന്‍. ചുറ്റിലുമിരുന്നവരുടെ മൊബൈല്‍ സ്‌ക്രീനുകളിലാകെ ഉരുള്‍പ്പൊട്ടല്‍ വാര്‍ത്തകള്‍. കമ്പാര്‍ട്ട്‌മെന്റിലും തീവണ്ടിയിലാകെത്തന്നെയും മണ്ണ് വിഴുങ്ങിയ ഗ്രാമത്തെക്കുറിച്ചുള്ള സംസാരങ്ങള്‍. എതെല്ലാം കണ്ടും കേട്ടും ഒന്നും മിണ്ടാതെ അയാളിരുന്നു. നിങ്ങളീ പറയുന്നത് എന്റെ പ്രിയപ്പെട്ട ദേശത്തെക്കുറിച്ചാണെന്നും, ഇല്ലാതായത് എന്റെ സ്‌കൂളിനെക്കുറിച്ചാണെന്നും, മണ്ണിനടിയില്‍ പൂണ്ടുകിടക്കുന്നത് എന്റെ പ്രിയപ്പെട്ടവരെക്കുറിച്ചാണെന്നും പറയാതെ പറയുകയായിരുന്നു അയാളുടെ മൗനം.  

അമ്പലപ്പുഴ നിന്നും വണ്ടിയില്‍ കയറിയ ഉണ്ണികൃഷ്ണന്‍ ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായ ചൂരല്‍മലയിലേക്കുള്ള യാത്രയിലായിരുന്നു. 18 വര്‍ഷമായി അതാണ് അയാളുടെ ദേശം. ഉരുള്‍പ്പൊട്ടല്‍ നക്കിത്തുടച്ച ആ മൂന്നുനില കെട്ടിടം അയാള്‍ ജോലി ചെയ്യുന്ന ചൂരല്‍മല വെള്ളാര്‍മല ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്. ഒരു മരണവാര്‍ത്തയറിഞ്ഞ് തലേന്ന് ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് പോയ അയാള്‍ തിരിച്ചുവന്നത് മരണം വിഴുങ്ങിയ ദേശത്തേക്കായിരുന്നു. പുറത്തെടുത്തവരും മണ്ണിനടിയില്‍ പൂണ്ടുപോയവരുമായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഓര്‍മ്മകളായിരുന്നു അയാളിലാകെ. 

മണിക്കൂറുകള്‍ക്ക് ശേഷം വണ്ടി കോഴിക്കോട്ടെത്തി. മറ്റുള്ളവര്‍ക്കൊപ്പം ഉണ്ണികൃഷ്ണനും വണ്ടിയിറങ്ങി. ഗതാഗതം തടസ്സപ്പെട്ട ആ സമയത്ത്, വയനാട്ടിലേക്ക് എങ്ങനെയെങ്കിലും പായാനുള്ള തിരക്കിനിടയില്‍, തന്നെത്തേടിയെത്തിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറയ്ക്കു മുന്നില്‍ ഉണ്ണികൃഷ്ണന്‍ വിങ്ങിപ്പൊട്ടി, സംസാരിച്ചു. ക്യാമറക്കുമുന്നില്‍ സംസാരിക്കുകയായിരുന്നില്ല, വിതുമ്പുകയും മന്ത്രിക്കുകയും നിലവിളിക്കുകയുമായിരുന്നു അയാള്‍. ''എല്ലാം എന്റെ കുഞ്ഞുങ്ങള്‍ തന്നെയാ. നാട്ടുകാരും. എല്ലാം വേണ്ടപ്പെട്ടവരാ. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുള്ള നാടാ അത്.''ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ ഇടമുറിഞ്ഞുകൊണ്ടിരുന്നു.


വെള്ളാര്‍മലയിലെ അതിഥി

ആ നാടിന് വെറുമൊരു അധ്യാപകനായിരുന്നില്ല അയാള്‍. ജോലി ചെയ്യുന്ന വെറുമൊരു നാടായിരുന്നില്ല അയാള്‍ക്കത്. ആ സ്‌കൂള്‍ വെറും തൊഴിലിടവുമായിരുന്നില്ല. ഒന്നുമില്ലായ്മയില്‍നിന്നും ആ സ്‌കൂളിനെ മികച്ച വിദ്യാലയമാക്കി മാറ്റിയതില്‍ അയാളുമേറെ പങ്കുവഹിച്ചിരുന്നു. അതാണ്, യാത്രയ്ക്കിടയില്‍ വിവരമറിഞ്ഞ് വിളിച്ച സുഹൃത്തുക്കളോട് സംസാരിക്കുമ്പോള്‍ ''എന്റെ സ്‌കൂളും കുട്ടികളുമൊക്കെ ഒലിച്ചു പോയല്ലോ...''എന്ന് പറഞ്ഞ് അയാള്‍ വിങ്ങിക്കൊണ്ടിരുന്നത്. 

2006-ലാണ് വെള്ളാര്‍മല ഗവ. ഹൈസ്‌കൂളില്‍ മലയാളം അധ്യാപകന്റെ ജോലി കിട്ടി അയാള്‍ എത്തുന്നത്. ജോലി അത്രയ്ക്ക് അത്യാവശ്യമായ സാഹചര്യമായിരുന്നു വീട്ടില്‍. ആര്യാട് ബിഎഡ് സെന്ററില്‍ കോഴ്‌സ് കഴിഞ്ഞ ശേഷം മിമിക്രി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചും മറ്റു ജോലിചെയ്തും കഴിഞ്ഞിരുന്ന ഉണ്ണിക്കൃഷ്ണന് പി എസ്‌സി എഴുതി കിട്ടിയ ആദ്യത്തെ ജോലി ആയിരുന്നു അത്. പുറത്തുള്ളവര്‍ക്ക് അതൊരു 'ഓണംകേറാമൂല'യായിരുന്നു. ''തേയിലത്തോട്ടത്തിലെ ജോലിക്കാര്‍ താമസിക്കുന്ന ലയങ്ങള്‍. കുറച്ച് ചെറിയ കടകള്‍. വല്ലപ്പോഴുമുള്ള ബസ് സര്‍വീസ്. മൂന്ന് നേരം തിന്നാന്‍ കിട്ടാത്ത കുട്ടികള്‍. ആ സര്‍ക്കാര്‍ സ്‌കൂളില്‍ ആരു വന്നാലും രണ്ടു മാസം, അതിനുള്ളില്‍ എങ്ങനെ എങ്കിലും രക്ഷപ്പെടും. പക്ഷെ, അവന്‍ അത് ദൈവം തന്നെ ഏല്‍പ്പിച്ച ഒരു നിയോഗം ആയി കണ്ടു. മലയാളം അദ്ധ്യാപകന്‍ ആയിട്ടും, അധ്യാപകര്‍ ഇല്ലാത്തപ്പോള്‍ കണക്കും ഫിസിക്‌സും ഒക്കെ അവന്‍ തന്നെ കുട്ടികളെ പഠിപ്പിച്ചു. ഒരു ഒറ്റയാള്‍ പോരാട്ടം.''-ഉറ്റ സുഹൃത്തായ സാജിദ് ഹംസ ആ അനുഭവം എഫ് ബിയില്‍ ഇങ്ങനെ എഴുതുന്നു. 

ആലപ്പുഴയിലെ പ്രശസ്തമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ കിഴക്കു ഭാഗത്താണ് ഉണ്ണികൃഷ്ണന്റെ വീട്. ഭാര്യയും കുട്ടികളും അവിടെയാണുള്ളത്. മാസത്തില്‍ ഒരു തവണയൊക്കെയാണ് നാട്ടില്‍ പോവാനാവുക. അതിനാല്‍, ചിലപ്പോഴൊക്കെ ഉണ്ണികൃഷ്ണനും ട്രാന്‍സ്ഫറിന് ആലോചിച്ചിരുന്നു. എന്നാല്‍, ഓരോ വട്ടവും നാട്ടുകാര്‍ ഇടപെട്ടു. പോവരുതെന്ന് വാശിപിടിച്ചു. ഒടുവില്‍ അയാള്‍ ആ ശ്രമം ഉപേക്ഷിച്ചു. 

18 വര്‍ഷമായി അതേ സ്‌കൂളിലാണ് ഉണ്ണികൃഷ്ണന്‍. അവിടത്തെ ഒരേയൊരു സ്ഥിരം അധ്യാപകന്‍. നിലവില്‍ ഹെഡ്മാസ്റ്ററെ നിയമിച്ചെങ്കിലും ഇതുവരെ ജോയിന്‍ ചെയ്യാത്തതിനാല്‍ ഉണ്ണികൃഷ്ണനു തന്നെയാണ് ചുമതല. വളരെ കുറച്ച് കുട്ടികള്‍ മാത്രമെത്തിയിരുന്ന ആ സ്‌കൂള്‍ നിലനിര്‍ത്താനും, പഠന നിലവാരം ഉയര്‍ത്താനും ഈ കാലയളവിനിടെ അയാള്‍ കഠിനമായി ശ്രമിച്ചിരുന്നു. അതിന് നാട്ടുകാരുടെ പിന്തുണയുമുണ്ടായി. 'ഉണ്ണി ആ സ്‌കൂളില്‍ ചെല്ലുമ്പോള്‍ തുച്ഛമായ കുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. ഇന്ന് ആ സ്‌കൂളില്‍ 580-ലേറെ കുട്ടികള്‍ ഉണ്ട്. നൂറു ശതമാനം വിജയവും.''-അടുത്ത സുഹൃത്തും അധ്യാപകനുമായ അബൂബക്കര്‍ എഫ് ബിയില്‍ ഇങ്ങനെ എഴുതുന്നു. 

അതിവേഗമാണ് ഉണ്ണികൃഷ്ണന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണി മാഷായി മാറിയത്. ഓരോ ആളെയും പേരുവിളിക്കാനുള്ള പരിചയം അയാള്‍ക്കുണ്ടായി. ആ ദേശവും അവിടത്തെ മനുഷ്യരും ആ സ്‌നേഹം തിരിച്ചും നല്‍കി. ഉണ്ണികൃഷ്ണനൊപ്പം ബി എഡിന് പഠിച്ച അബൂബക്കര്‍ ഫേസ്ബുക്ക് കുറിപ്പില്‍ അക്കാര്യം ഓര്‍ക്കുന്നത് ഇങ്ങനെയാണ്: ''ഉണ്ണിയോട് ഞാന്‍ ഇടക്ക് ചോദിക്കും, നാട്ടിലേക്ക് പോകുന്നില്ലേ എന്ന്. അപ്പോള്‍ ഉണ്ണി പറയും, ഈ നാടും നാട്ടുകാരുടെ സ്‌നേഹവും മറക്കാന്‍ കഴിയില്ല എന്ന്. അത് സത്യമായിരുന്നു. ഉണ്ണിക്ക് ഏത് വീട്ടിലും കയറി ചെല്ലാം. ഏത് കടയില്‍ നിന്നും ചായ കുടിക്കാം. ഉണ്ണി വിളിച്ചാല്‍ ഓടിയെത്താന്‍ ഒരുപറ്റം ആളുകളുണ്ടാവും. ഇത് നേരില്‍ കണ്ട് അനുഭവിച്ച വ്യക്തിയാണ് ഞാന്‍...'' 

ബിഎഡിന് ഒപ്പം പഠിച്ച സുഹൃത്തുക്കളുടെ കൂട്ടായ്മയ്ക്ക് നാലഞ്ച് വര്‍ഷമായി ഉണ്ണികൃഷ്ണന്‍ വെള്ളാര്‍മലയില്‍ ആതിഥ്യം അരുളാറുണ്ടായിരുന്നു. ചൂരല്‍ മലയിലും പരിസരത്തുമുള്ള സര്‍വ്വകാഴ്ചകളും കണ്ട്, നാട്ടുകാരെയൊക്കെ പരിചയപ്പെട്ടാണ് ഓരോ തവണയും കൂട്ടുകാര്‍ നാടുവിടുക. ''കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാലയിലെ അസോ. പ്രൊഫസര്‍ ഗീത, എറണാകുളം എസ് ടി ഒ അനൂപ്, മാധ്യമപ്രവര്‍ത്തകനായ കെഎ സൈഫുദ്ദീന്‍, അധ്യാപകരായ നിത്യ, മുഹമ്മദലി, ഹരിദാസ്, അബൂബക്കര്‍, മുജീബ്, പ്രശോഭ് എന്നിവരാണ് അവസാനമായി അവിടെ ചെന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ തുടച്ചുമാറ്റിയ സ്‌കൂളിന് മുന്നിലുള്ള ലയത്തിനു മുന്നില്‍ ഞങ്ങള്‍ അടുപ്പുകൂട്ടി പാചകം ചെയ്തു. രാത്രി മുഴുവന്‍ സംസാരിച്ചു. അവിടെ മുഴുവന്‍ നടന്നു കണ്ടു...''-സാജിദ് ഹംസ ഓര്‍ക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group