Join News @ Iritty Whats App Group

കണ്ണൂര്‍ എം.പി കെ.സുധാകരന്റെ വീടിന്റെ കന്നിമൂലയില്‍ ''കൂടോത്രം'' ; തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും വീട്ടില്‍ നിന്നും മന്ത്രവാദി കുഴിച്ചെടുത്തു; വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു


കണ്ണൂര്‍: കെ.പി.സി.സി. പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന്റെ നടാലിലെ വീട്ടില്‍ ''കൂടോത്രം'' ചെയ്‌തെന്ന് ആരോപണം. വീടിന്റെ കന്നിമൂലയില്‍നിന്ന് കൂടോത്രം കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നു. ഏകദേശം ഒന്നര വര്‍ഷം മുമ്പേയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. വലിയ സുരക്ഷയുള്ള വീട്ടില്‍നിന്നാണ് തകിടുകളും കൂടോത്രങ്ങളും ലഭിച്ചിരിക്കുന്നത്.

കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തില്‍ ഒരു മന്ത്രവാദിയാണ് തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കുഴിച്ചിട്ട നിലയിലുള്ള ചില വസ്തുക്കള്‍ പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു കിഴിയില്‍ തെയ്യത്തിന്റെ രൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്.

കാലിന് പ്രശ്‌നങ്ങളുണ്ടോയെന്ന് മന്ത്രവാദി ചോദിക്കുമ്പോള്‍ ബലക്ഷയമുണ്ടായിരുന്നെന്ന് സുധാകരന്‍ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്. വീടിന്റെ രൂപങ്ങളും തകിടില്‍ ഉണ്ടെന്ന് മന്ത്രവാദി പറയുന്നുണ്ട്. തന്റെ ജീവന് ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യമെന്ന് കെ. സുധാകരന്‍ വീഡിയോയില്‍ പറയുന്നു. ഇതുകൊണ്ടൊന്നും തന്നെ അപായപ്പെടുത്താന്‍ കഴിയില്ല. അങ്ങനെയൊരു ശ്രമം ആരെങ്കിലും നടത്തിയെന്ന് തോന്നുന്നില്ല. കെ.പി.സി.സി. ആസ്ഥാനത്തെ ഓഫീസിലും കൂടോത്രം ചെയ്തതായി ആളുകള്‍ പറയുന്നുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സുധാകരന് ചില തിരിച്ചടികള്‍ ഉണ്ടായ സമയത്ത് ഒരു മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തുകയുമായിരുന്നെന്നാണ് സൂചന. പത്തനംതിട്ടയില്‍നിന്നുള്ള മന്ത്രവാദിയാണ് വസ്തുക്കള്‍ കണ്ടെടുത്തതെന്നാണ് വിവരം. തുടര്‍ന്ന് പരിഹാരക്രിയകളും നടത്തിയെന്ന് സൂചനയുണ്ട്. വസ്തുക്കള്‍ കണ്ടെടുത്ത കാര്യം സുധാകരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് പഴയ വീഡിയോയാണെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ണിത്താനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group