മുംബൈ/ന്യൂഡല്‍ഹി: മുംബൈയില്‍ മത്സ്യത്തൊഴിലാളിയുടെ ഭാര്യയെ ആഡംബരകാര്‍ ഇടിച്ചു മരണപ്പെട്ട സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തിന്റെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച ശേഷമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ശിവസേന നേതാവിന്റെ 24 കാരനായ മകനായിരുന്നു അപകടം വരുത്തിവെച്ചത്. സ്ത്രീയെ ഇടിച്ചിട്ട ശേഷം അവരെ ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചെന്നാണ് പോലീസ് പ്രാദേശിക കോടതിയോട് റിപ്പോര്‍ട്ട് ചെയ്തു.
കാവേരി നക്വയും ഭര്‍ത്താവ് പ്രദിക് നക്വയും ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷാ ഓടിച്ച ബിഎംഡബ്ല്യു സ്‌കൂട്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാജേഷ് ഷായെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകന്‍ ഒളിവിലാണ്. ബിഎംഡബ്ല്യു കടന്നുപോയ പല സ്ഥലങ്ങളില്‍ നിന്നും എടുത്ത നിരവധി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാവേരി നക്വയെ ഒന്നര കിലോമീറ്റര്‍ വലിച്ചിഴച്ച ശേഷമാണ് മിഹാര്‍ ഷാ കാര്‍ നിര്‍ത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനുശേഷം ഡ്രൈവറുമായി സീറ്റ് വെച്ചുമാറിയതായി പോലീസ് പറഞ്ഞു.
മിഹിര്‍ ഷാ യുവതിയുടെ മൃതദേഹം എന്‍ജിന്‍ ബേയ്ക്കും ബമ്പറിനും അടിയില്‍ നിന്ന് നീക്കം ചെയ്യുകയും മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്തിനാണ് കുറ്റകരമായ നരഹത്യ കുറ്റം ചുമത്തിയതെന്ന കോടതിയുടെ ചോദ്യത്തിന് മിഹിര്‍ ഷായുടെ ഡ്രൈവര്‍ ബിഎംഡബ്ല്യു റിവേഴ്സ് ചെയ്തപ്പോള്‍ യുവതിയുടെ ശരീരത്തിന് മുകളിലൂടെ കാര്‍ കയറിയിറങ്ങിയെന്നും എന്നാല്‍ ആ ദൃശ്യം സിസിടിവി കാഴ്ചയില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഡ്രൈവറിന് തന്റെ പ്രവര്‍ത്തിയെക്കുറിച്ച് നന്നായി അറിയാമായിരുന്നുവെന്നും പ്രതികളെ സഹായിക്കാനാണ് ഇങ്ങിനെ ചെയ്തതെന്നും അതുകൊണ്ടാണ് കുറ്റകരമായ നരഹത്യ ചുമത്തിയതെന്നും പോലീസ് പറഞ്ഞു. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ കൊല്ലപ്പെട്ട പൂനെ പോര്‍ഷെ ഹിറ്റ് ആന്‍ഡ് റണ്‍ കേസിന് സമാനമാണ് മുംബൈ അപകടവും. പൂനെ കേസിലെ പ്രതിയുടെ സ്വാധീനമുള്ള കുടുംബം തെളിവുകള്‍ നശിപ്പിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.
മിഹിര്‍ ഷായെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പൊലീസ് 11 സംഘങ്ങള്‍ രൂപീകരിക്കുകയും ക്രൈംബ്രാഞ്ചിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ ഇന്ത്യ വിടുന്നത് തടയാന്‍ ലുക്കൗട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം മിഹിര്‍ ഷായും കൂട്ടുപ്രതി രാജ്ഋഷി ബിദാവത്തും ബിഎംഡബ്ല്യു കാര്‍ ബാന്ദ്രയിലേക്ക് കൊണ്ടുപോയി അവിടെ ഉപേക്ഷിച്ചു. മറ്റൊരു കാര്‍ എടുത്ത് നഗരത്തിന്റെ വടക്കേ അറ്റത്തുള്ള ബോറിവാലി ലക്ഷ്യമാക്കി കുതിച്ചു. അവിടെ അയാള്‍ തന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയ ശേഷം കണ്ടെത്താനായിട്ടില്ല.
ബോറിവലിയിലെത്തി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. മഹാരാഷ്ട്രയില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സമീപ സംസ്ഥാനങ്ങളിലേക്ക് പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്. പോലീസ് പാല്‍ഘറിലെ ഇയാളുടെ വീട്ടില്‍ ചെന്നെങ്കിലും പൂട്ടിയിട്ടിരിക്കുന്നതായി കാണുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ വരെ ജുഹുവിലെ ഒരു ബാറില്‍ വെച്ച് മിഹിര്‍ ഷാ നാല് സുഹൃത്തുക്കളുമായി പാര്‍ട്ടി നടത്തിയിരുന്നു. ഇതിനായി 18,000 രൂപയുടെ ബാര്‍ ബില്ലാണ് പൊലീസ് കണ്ടെടുത്തത്.
إرسال تعليق