ദില്ലി: അമേഠിയിൽ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുൽ എക്സിൽ കുറിച്ചു. ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സ്മൃതി ഇറാനി ഇന്നലെ ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോൾ വിഡിയോകളും പരാമർശങ്ങളും വന്നിരുന്നു.
അതിനിടെ, വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി 2019ൽ തോൽപ്പിച്ചത് സഹിക്കാൻ ഇതുവരെ കോൺഗ്രസിനായിട്ടില്ലെന്ന് ബിജെപി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സ്മൃതിക്കെതിരായ ട്രോൾ ഒഴിവാക്കണമെന്ന രാഹുലിൻ്റെ പ്രസ്താവന. രാജ്യത്ത് വീണ്ടും അധികാരത്തിലെത്താൻ സാധിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റ് വാങ്ങിയത് മന്ത്രിസഭയിലെ 20 മന്ത്രിമാരായിരുന്നു. ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉൾപ്പെടുന്ന സംഘത്തിൽ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട സ്മൃതി ഇറാനിയും ഉണ്ടായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാൽ ശര്‍മ്മയോട് 1,67,196 വോട്ടിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം രാഹുലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സ്മൃതി ഇറാനി ഉയർത്തിയത്.
إرسال تعليق