തിരുവനന്തപുരം: അമ്മയുടെ കാത്തിരിപ്പ് വിഫലം. ജോയി ഇനി മടങ്ങിവരില്ല. തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം 46 മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിൽ തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നുമാണ് കണ്ടെത്തിയത്. മകൻ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച്, ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു അമ്മ മെൽഹി. ഏക ആശ്രയമായ മകനെ നഷ്ടപ്പെട്ടതിന്റെ നടുക്കത്തിലാണ് ഈ അമ്മ. മകന് അപകടമൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നും രക്ഷപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിച്ചാണ് അമ്മ കാത്തിരുന്നത്.
മൂന്ന് ദിവസം മുമ്പ് രാവിലെ അമ്മയോട് യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിപ്പോയതാണ് ജോയി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ കരാറെടുത്ത കമ്പനിയിലെ തൊഴിലാളിയാണ്. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആര് വിളിച്ചാലും പോകും ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വിൽക്കും. തീർത്തും ദരിദ്രമായ ജീവിതസാഹചര്യത്തിൽ കൂടി കടന്നുപോകുന്ന ഈ കുടുംബത്തിന് വാസയോഗ്യമായ വീടില്ല. വീട്ടിലേക്കുള്ള വഴി മോശമായതിനാൽ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്നത്. ഈ കുടുംബത്തിന്റെയൊന്നാകെ കാത്തിരിപ്പ് വിഫലമാക്കി കൊണ്ടാണ് ജോയിയുടെ ദാരുണാന്ത്യം.
യാതൊരു വിധത്തിലുമുള്ള സുരക്ഷാ സജ്ജീകരണങ്ങളുമില്ലാതെയാണ് ജോയി തോട് വൃത്തിയാക്കാനിറങ്ങിയത്. കൂട്ടത്തിലുണ്ടായിരുന്ന തൊഴിലാളികളെ കരയ്ക്ക നിർത്തിയാണ് ജോയി തോട്ടിലിറങ്ങിയത്. പെട്ടെന്ന് വെള്ളം കുത്തിയൊഴുകി എത്തിയതിനെ തുടർന്ന് ജോയി ഒഴുകിപ്പോകുകയായിരുന്നു. ഇന്നലെ സ്കൂബാ ടീമും എൻഡിആർഎഫും നടത്തിയ തെരച്ചിലിൽ ജോയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നും എത്തിയ നാവിക സേന സംഘാംഗങ്ങളും തെരച്ചിലിൽ പങ്കാളികളായിരുന്നു.
إرسال تعليق