കൊച്ചി: അങ്കമാലിയില്‍ വീടിന് തീപിടിച്ച് നാലംഗ കുടുംബം വെന്തുമരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനത്തില്‍ പോലീസ്. കടുത്ത സാമ്പത്തീകബാദ്ധ്യതയായിരുന്നു പിന്നിലെ കാരണമെന്നും കരുതുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യയാകാമെന്ന് കരുതാന്‍ സഹായിക്കുന്ന ഒന്നിലധികം കാരണങ്ങളും നിഗമനങ്ങളും നടത്തിയിരിക്കുകയാണ്.
അങ്കമാലി അങ്ങാടിക്കടവില്‍ ജൂണ്‍ 8 ന് പുലര്‍ച്ചെയുണ്ടായ സംഭവത്തില്‍ 45 കാരന്‍ ബിനീഷിനൊപ്പം 40 കാരി ഭാര്യ അനുമോളും ഇവരുടെ മക്കളായ എട്ടുവയസ്സുകാരി ജോവാനയൂം അഞ്ചുവയസ്സുകാരി ജസ്വിനുമായിരുന്നു വെന്തുമരിച്ചത്. ഇവര്‍ മുകളിലത്തെ നിലയിലും ഇവരുടെ മാതാവ് താഴത്തെ നിലയിലുമായിരുന്നു കിടന്നത്. പുലര്‍ച്ചെ തീയാളുന്നത് കണ്ട് നിലവിളിച്ച ബിനീഷിന്റെ അമ്മ ചിന്നമ്മയാണ് നാട്ടുകാരെ വിളിച്ചുണര്‍ത്തിയത്. ഇവരുടെ ബഹളം കേട്ട് എത്തിയവര്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തീയണച്ചപ്പോഴേയ്ക്കും നാലുപേരും വെന്തുമരിച്ചിരുന്നു.
സംഭവത്തില്‍ ബിനീഷ് പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ബിനീഷും കുടുംബവും താമസിച്ചിരുന്ന മുറിയില്‍ പെട്രോള്‍ ക്യാന്‍ സൂക്ഷിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. അതിനൊപ്പം ബിനീഷിന് വന്‍തുക കടമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. മുകളിലെ മുറിയില്‍ മാത്രം തീപിടിച്ചത് പോലീസ് നേരത്തേ തന്നെ സംശയിച്ചിരുന്നു. ഇപ്പോള്‍ പുതിയ സാഹചര്യത്തെളിവുകള്‍ കൂടിയായതോടെയാണ് അവര്‍ കുടുംബം ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
إرسال تعليق