കണ്ണൂർ: സിപിഎം കൗൺസിലർമാരുടെ ഭാര്യമാരും ബന്ധുക്കളും ഉൾപ്പെടെയുളളവർ മാത്രം ആദ്യ റാങ്കുകളിൽ വന്നതോടെ, കണ്ണൂർ ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ റാങ്ക് ലിസ്റ്റ് വിവാദത്തിൽ. അർഹതയുളളവരെ തഴഞ്ഞ് ഇഷ്ടക്കാരെ സിപിഎം ഭരണസമിതി തിരുകി കയറ്റിയെന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. എന്നാൽ എല്ലാം സുതാര്യമാണെന്ന നിലപാടിലാണ് നഗരസഭ.
ഇരിട്ടി നഗരസഭയിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് 938 പേരാണ് അപേക്ഷിച്ചത്. ഏഴ് ദിവസങ്ങളിലായി അഭിമുഖം നടത്തി തയ്യാറാക്കിയ പട്ടികയാണ്. ആകെ എഴുപത് പേരുളളതിൽ ആദ്യ റാങ്കുകളിലെല്ലാം സിപിഎമ്മിന്‍റെ സ്വന്തക്കാരെന്നാണ് ഉയരുന്ന ആക്ഷേപം. ഒന്നാം റാങ്ക് നഗരസഭയിലെ ഇപ്പോഴത്തെ സിഡിഎസ് ചെയർപേഴ്സൺ, രണ്ടാം റാങ്ക് നഗരസഭയിലെ സിപിഎം കൗൺസിലറുടെ ഭാര്യ, മൂന്നാമത് സിപിഎം കൗൺസിലറുടെ സഹോദരന്‍റെ ഭാര്യ, നാലാം റാങ്ക് നേരത്തെ കൗൺസിലറായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ്, അഞ്ചാം റാങ്കിലും സിപിഎം കൗൺസിലറുടെ ഭാര്യ, നഗരസഭയിലെ താത്കാലിക ഡ്രൈവറായ ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഭാര്യക്ക് ആറാം റാങ്ക്, പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റയാൾ ഏഴാമത്, എട്ടാം റാങ്കിൽ സിപിഎം കൗൺസിലർ, ആദ്യ പതിനഞ്ചിൽ നഗരസഭാ വൈസ് ചെയർമാന്‍റെ മകളുൾപ്പെടെയുണ്ട്.
മൂന്ന് വർഷം കാലാവധിയുളളതാണ് പട്ടിക. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. ഇഷ്ടക്കാർക്ക് നിയമനം നൽകാൻ വഴിവിട്ട നീക്കം നടത്തിയെന്ന് പ്രതിപക്ഷ ആരോപണം. ബിപിഎൽ വിഭാഗത്തിൽപെട്ടവരെയും വിധവകളെയുമുൾപ്പെടെ തഴഞ്ഞാണ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നിയമനം അട്ടിമറിച്ചതെന്നാണ് പരാതി. എന്നാൽ എല്ലാം നഗരസഭാ ഭരണസമിതി തളളുന്നു. യോഗ്യതയാണ് മാനദണ്ഡമെന്നാണ് വിശദീകരണം. കൂടുതൽ മാർക്കുളളവർ മുന്നിലെത്തിയെന്നും നഗരസഭാ ചെയർപേഴ്സൺ കെ ശ്രീലത പറഞ്ഞു. റാങ്ക് പട്ടിക റദ്ദാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. എന്നാൽ രാഷ്ട്രീയലക്ഷ്യം മാത്രമെന്ന് പറഞ്ഞ് ആവശ്യം തളളുകയാണ് സിപിഎം.
إرسال تعليق