കണ്ണൂർ: കണ്ണൂരിൽ ജില്ലാ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന്‍റെ തലയ്ക്ക് പരിക്ക്. അങ്ങാടിക്കടവ് സ്കൂളിലെ അധ്യാപകൻ ബെന്നിക്കാണ് പരിക്കേറ്റത്.പയ്യാമ്പലത്തെ എൺപത് വർഷത്തോളം പഴക്കമുളള ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് ബുക്ക് ഡിപ്പോയും അംഗൻവാടിയുമുൾപ്പെടെ പ്രവർത്തിക്കുന്നത്. 1944ൽ പണി കഴിപ്പിച്ച കെട്ടിടമാണിത്. ഇതിന് മുന്നിൽ കാർ നിർത്തി ഇറങ്ങിയപ്പോഴാണ് അധ്യാപകന്‍റെ തലയിൽ ഓട് വീണത്. ബെന്നിക്ക് തലയില്‍ പതിനൊന്ന് തുന്നലുണ്ട്.
ഹയർസെക്കന്‍ററി ഡെപ്യൂട്ടി ഡയറക്ടറേറ്റും വനിതാ ടിടിഐയും എല്ലാമുളള വളപ്പിലാണ് ഈ പഴയ കെട്ടിടവും. ജില്ലാ പാഠപുസ്തക ഡിപ്പോയുടെ ഭാഗം. ഒപ്പം അംഗൻവാടിയും. ഓടുകൾ ഇളകിവീഴുന്ന, ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന്.ഫിറ്റ്നസില്ല. ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും ചെയ്യും. മറ്റൊരിടത്തേക്ക് മാറ്റാൻ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. തലയിൽ വീഴാനായി മാത്രം തലപ്പത്തുളളവർ കാത്തിരിക്കല്ലേ എന്നാണ് ഇവരുടെ അപേക്ഷ.
إرسال تعليق