ഇരിട്ടി: നാല് ദിവസത്തിലേറെയായി തുടരുന്ന മഴയുടെ നിലക്കാത്ത ദുരിതപ്പെയ്ത്തിൽ എന്തും സംഭവിക്കാമെന്ന ഭീതിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇരിട്ടിയുടെ മലയോര മേഖല. പുഴകളും തോടുകളും കരകവിഞ്ഞൊഴുകി മേഖലയിൽ 50 ഓളം വീടുകളിൽ വെള്ളം കയറി. മണ്ണിടിച്ചിലിനെത്തുടർന്ന് 2 വീടുകൾ ഭാഗികമായി തകർന്നു. സംസ്‌ഥാന ഹൈവേ ഉൾപ്പെടെ ഗ്രാമീണ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.
മാടത്തിൽ സെന്റ് സെബാസ്‌റ്റ്യൻസ് പള്ളി സിമിത്തേരിക്ക് പിറകിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ സെമിത്തേരിയും അനുബന്ധ കെട്ടിടങ്ങളും അപകട ഭീഷണിയായി. സെമിത്തേരിയിലെ ഇരുപത്തി അഞ്ചോളം കല്ലറകൾ മണ്ണിനടിയിലായി. മൂന്നോളം കൂറ്റൻ തെങ്ങുകൾ ഉൾപ്പെടെ കടപുഴകി പള്ളി പാരിഷ് ഹാളിനും സിമിത്തേരി ചാപ്പലിനും മുകളിൽ പതിക്കുമെന്ന നിലയിലാണ്.
ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര, പെരിയത്തിൽ, ഉളിയിൽ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്നു 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തില്ലങ്കേരി തെക്കംപൊലിലും 12 ഓളം വീടുകളിലും വെള്ളം കയറി. ഉളിയിൽ തോട് കര കവിഞ്ഞ് ഉളിയിൽ ഗവ. യുപി സ്‌കൂളിൻ്റെ ക്ലാസ് മുറികളിൽ അടക്കം വെള്ളം കയറി.
പള്ള്യത്തെ ആരാധനാ വീട്ടിൽ പി.വി. രതീഷിൻ്റെ വീട് മണ്ണിടിഞ്ഞു ഭാഗികമായി തകർന്നു. പെരിയത്തിലെ പോണിച്ചി അലി, എം.വി. ഇബ്രാഹിം, കുലോൻ ഇബ്രാഹീംകുട്ടി, മുബഷീർ, ഹാഷിം, പുന്താച്ചി താഹിറ, മുട്ട അഷ്റഫ് എന്നിവരുടെ വീടുകളിലും വെളിയമ്പ്ര കാഞ്ഞിരംകരിയിലെ സുബാഷ് വെളിയമ്പ്ര, ഇ.കെ. പ്രസന്ന, കെ. തങ്കമണി, കെ.ശശി എന്നിവരുടെ വീടുകളിലും വെള്ളം കയറി. വട്ടക്കയം ഇല്ലംമുക്കിലെ രാമചന്ദ്രൻ, എം. വി. ശശീധരൻ, വി.കെ. ശശീധരൻ, കല്ലേരിക്കലിലെ ഷെറീഫ്, കുട്ട്യപ്പ, മൂസ, ആർ.പി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ വീടുകളിലും വെള്ളം കയറി. എം.വി. ശശീധരൻ്റെ വാഴത്തോട്ടം വെള്ളത്തിൽ മുങ്ങി. ഉളിയിലെ ടൗണിലെ കെ.റാബിയ, പുതിയപറമ്പിൽ മുസ്‌ല്യാർ, സലാം, കല്ലേരിക്കലിലെ പാനേരി മൂസ, ഷെറീഫ്, കവിത പൂവ്വത്തുംകണ്ടി, ആർ.പി.കുഞ്ഞിക്കണ്ണൻ, കെ.ടി.ആയിഷ, കുട്ട്യാത്ത, അക്കരചോലയിൽ ജലീൽ, പാച്ചിലാളത്തെ മഹേശൻ, ചാലിൽ ബാലൻ, കോമ്പിൽ അബ്‌ദുൽകാദർ, പി.പി. മുസ, റാബിയ, അബ്‌ദുറഹിമാൻ, ടി.വി. ആഷിം, കെ. രാജൻ എന്നിവരുടെ വീടുകളിലും വെള്ളം കയറി. അയ്യൻകുന്ന് മുടയരിഞ്ഞിയിൽ പഞ്ചായത്ത് അംഗം കെ.വി. ഫിലോമിനയുടെ വീടിൻ്റെ മുകളിൽ മരം വീണു. വീട് ഭാഗികമായി തകർന്നു. ചരളിലെ ഇളയാനിത്തോട്ടത്തിൽ വിലാസിനി, ആനപ്പന്തിയിലെ വെള്ളരിങ്ങാട് ഷെറിൻ എന്നിവരുടെ കിണറുകൾ ഇടിഞ്ഞു താഴ്ന്നു.
ഇരിട്ടി - ഇരിക്കൂർ, ഇരിട്ടി - കൂത്തുപറമ്പ്, എടൂർ - പാലപ്പുഴ - മണത്തണ മലയോര ഹൈവേ, വള്ളിത്തോട് - കൂട്ടുപുഴ, പാലപ്പുഴ - ആറളം ഫാം - കീഴ്പ്പള്ളി, കൊട്ടാരം - കാഞ്ഞിരംകേരി അമ്പലം, കൊട്ടാരം - പെരിയത്തിൽ, വാണിയപ്പാറ - രണ്ടാംകടവ്, ചെടിക്കുളം - വീർപ്പാട്, ഉളിയിൽ - പാച്ചിലാളം എന്നീ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
വാണിയപ്പാറ- രണ്ടാംകടവ് ഹോമിയോ ഡിസ്പെൻസറിക്ക് സമീപവും തില്ലങ്കേരി- തലച്ചങ്ങാട് - കുണ്ടുതോട് മരാമത്ത് റോഡിലും മണ്ണിടിച്ചിൽ ഉണ്ടായി. തില്ലങ്കേരി ചന്ദ്രിയുടെ വീടിനു പിന്നിൽ കുന്നിടിച്ചിലും ശക്തമായ ഉറവയും രൂപപ്പെട്ടു. വീട് അപകടത്തിലായി. വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. ഇരിട്ടി വൈദ്യുതി ഡിവിഷനിൽ പെട്ട മലയോര ഗ്രാമങ്ങളിൽ വൈദ്യുതി തടസ്സം തുടരുകയാണ്. ബാരാപോൾ പുഴ, ബാവലി പുഴ, നുച്യാട് പുഴ, വെമ്പുഴ, കൊണ്ടൂർ പുഴ, പാലപ്പുഴ, ഉളിയിൽ തോട് എന്നിവ നിറഞ്ഞു. സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പടിയൂർ മാങ്കുഴിയിൽ കെ.പി. പ്രകാശൻറെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. ആറളം ഫാം പാലപ്പുഴ പാലം 2-ാം ദിവസവും വെള്ളത്തിനടയിലാണ്. പഴശ്ശി പദ്ധതിയുടെ 12 ഷട്ടറുകൾ പൂർണമായും 4 ഷട്ടറുകൾ ഭാഗികമായും തുറന്നതോടെ വളപട്ടണം പുഴ നിറഞ്ഞു കവിഞ്ഞു. പഴശ്ശി പദ്ധതി പ്രദേശത്തെ പഴശ്ശി ഗാർഡനിൽ പുഴയിൽ നിന്നും വെള്ളം കയറിയതിനെത്തുടർന്ന് ഗാർഡനിലെ കുട്ടികളുടെ പാർക്ക് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങി. ഗാർഡനിലെ 3 കുറ്റൻ മരങ്ങൾ കടപുഴകി 2 കടകൾ തകർന്നു. കിളിയന്തറ വളവുപാറയിലെ മണ്ണിടിച്ചിൽ ഭീഷണി 2-ാം ദിവസവും തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനാന്തര പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചില്ല. വള്ളിത്തോട് ചരൾ കച്ചേരിക്കടവ് പാലം റീബിൽഡ് കേരള റോഡ് വഴിയാണ് ഗതാഗതം നടന്നുവരുന്നത്.
മണ്ണിടിച്ചിൽ ഭീഷണി
50തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
ഇരിട്ടി : മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ആറളം പഞ്ചായത്തിലെ ചതിരൂർ 110 ആദിവാസി സങ്കേതത്തിലെ 11 കുടുംബങ്ങളിലെ 50തോളം പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ആറളം വില്ലേജ് അധികൃതരുടെ നേതൃത്വത്തിൽ നിർമ്മല അടിച്ചുവാരി എൽ പി സ്‌കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.
إرسال تعليق