Join News @ Iritty Whats App Group

പരാതിക്കാരന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: ബിഎംഡബ്ല്യുവിനോട് സുപ്രിംകോടതി, വിധി 15 വർഷം മുൻപുള്ള കേസിൽ


ദില്ലി: പരാതിക്കാരന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിനോട് നിർദേശിച്ച് സുപ്രിംകോടതി. യന്ത്ര തകരാറുള്ള കാർ വിറ്റതിനാണ് നടപടി. ആഗസ്റ്റ് പത്തിനു മുൻപ് പണം ന‍ൽകാനാണ് നിർദേശം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് പുതിയ ഉത്തരവ് പുറപ്പടുവിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം അന്തിമ സെറ്റിൽമെന്‍റ് എന്ന നിലയിൽ 50 ലക്ഷം രൂപ പരാതിക്കാരന് ബിഎംഡബ്ല്യു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകണമെന്നാണ് ഉത്തരവ്. 

2009 സെപ്റ്റംബർ 25 നാണ് പരാതിക്കാരൻ ബിഎംഡബ്ല്യു 7 സീരീസ് വാഹനം വാങ്ങിയത്. സെപ്റ്റംബർ 29 നാണ് യന്ത്ര തകരാർ കണ്ടെത്തിയത്. തുടർന്ന് വർക്ക് ഷോപ്പിൽ കൊണ്ടുപോയി. നവംബറിലും സമാന തകരാർ സംഭവിച്ചു. പിന്നാലെ ഉപഭോക്താവ് പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 412, 420 വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയത്. വാഹന നിർമ്മാതാക്കൾ, മാനേജിംഗ് ഡയറക്ടർ, മറ്റ് ഡയറക്ടർമാർ എന്നിവർക്കെതിരെ ആയിരുന്നു പരാതി. 

പരാതി കോടതിയിൽ എത്തിയതോടെ പുതിയ വാഹനം നൽകാമെന്ന് ബിഎംഡബ്ല്യു അറിയിച്ചു. ഈ നിർദേശം പരാതിക്കാരൻ അംഗീകരിച്ചില്ല. അതിനിടെ പഴയ വാഹനം പരാതിക്കാരൻ പഴയ ഡീലർക്ക് തിരികെ നൽകുകയും ചെയ്തു. പരാതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് നിലനിർത്തിക്കൊണ്ടു തന്നെ പരാതിക്കാരന് നഷ്ടപരിഹാരം നൽകാനാണ് സുപ്രീംകോടതി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്.

Post a Comment

أحدث أقدم