Join News @ Iritty Whats App Group

അടിയന്തരാവസ്ഥയുടെ ഓർമ്മ; ജൂൺ 25 ഭരണഘടനാഹത്യാ ദിനമായി ആചരിക്കും, പ്രഖ്യാപനവുമായി അമിത് ഷാ


ന്യൂഡൽഹി: എല്ലാവർഷവും ജൂൺ 25 ഭരണഘടനാഹത്യാ ദിനമായി ആചരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടിയന്തരാവസ്ഥയിൽ കോൺഗ്രസിനെതിരായ ആക്രമണം കടുപ്പിക്കുന്ന ബിജെപിയുടെ ഏറ്റവും പുതിയ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. 1975 ജൂൺ 25നായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

തന്റെ എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്. '1975 ജൂൺ 25ന്, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, സ്വേച്ഛാധിപത്യ മനോഭാവത്തിന്റെ ധിക്കാരപരമായ പ്രകടനത്തിൽ, രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ ആത്മാവിനെ വരിഞ്ഞുമുറുക്കി. നിരപരാധികളായ ലക്ഷക്കണക്കിന് ആളുകൾ ജയിലുകളിലേക്ക് വലിച്ചെറിയപ്പെട്ടു, മാധ്യമങ്ങളെയും നിശബ്‌ദമാക്കി' തന്റെ എക്‌സ് പോസ്‌റ്റിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.


'എല്ലാ വർഷവും ജൂൺ 25 ഭരണഘടനാഹത്യാ ദിനമായി ആചരിക്കാൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചു. 1975ലെ അടിയന്തരാവസ്ഥയുടെ മനുഷ്യത്വരഹിതമായ വേദനകൾ സഹിച്ച എല്ലാവരുടെയും മഹത്തായ സംഭാവനകളെ ഈ ദിനം അനുസ്‌മരിക്കും' അമിത് ഷാ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം അറിയിച്ചുകൊണ്ട് എക്‌സ് പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്. 'ജൂൺ 25 ഭരണഘടനാഹത്യാ ദിനമായി ആചരിക്കുന്നത് ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടപ്പോൾ എന്ത് സംഭവിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തലായിരിക്കും. കോൺഗ്രസ് അഴിച്ചുവിട്ട ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായ അടിയന്തരാവസ്ഥയുടെ ദുരിതമനുഭവിച്ച ഓരോ വ്യക്തിക്കും ആദരവ് അർപ്പിക്കുന്ന ദിനം കൂടിയാണിത്.' പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയായി മോദി അധികാരമേറ്റതിന് ശേഷം ഇന്ത്യയിൽ ഭരണഘടന കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിരന്തരം ആരോപിച്ചിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനം ദുർബലപ്പെടുത്തുകയാണെന്നും, ഭരണഘടനയെ തന്നെ ഇല്ലാതാക്കുകയാണെന്നും ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് മോദി സർക്കാരിന്റെ ഈ നീക്കം. പ്രതിപക്ഷ ആരോപണങ്ങളെ ദുർബലപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ.

കർണാടകയിലെ ബിജെപി എംപി അനന്ത്കുമാർ ഹെഗ്‌ഡെയും പാർട്ടിയുടെ മീററ്റ് സ്ഥാനാർത്ഥി അരുൺ ഗോവിലും ഉൾപ്പെടെയുള്ളവർ ഭരണഘടന ഭേദഗതി ചെയ്യാൻ പാർട്ടി ആഗ്രഹിക്കുന്നതിനാലാണ് 400 സീറ്റുകൾ നേടുക എന്ന ലക്ഷ്യം മുന്നോട്ട് വച്ചതെന്ന് പറഞ്ഞതും പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഇതിനിടയിലാണ് അടിയന്തരാവസ്ഥയിൽ ഊന്നിയുള്ള ഭരണപക്ഷത്തിന്റെ തിരിച്ചടി. പ്രതിപക്ഷ പ്രചരണങ്ങളെ കള്ളമെന്ന് വിശേഷിപ്പിച്ച സർക്കാർ അടിയന്തരാവസ്ഥ തന്നെയാണ് സഭയ്ക്ക് അകത്തും പുറത്തും മുഖ്യ ആയുധമാക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group