നിലമ്പൂര്‍: 59 മനുഷ്യജീവന്‍ മണ്ണിനടയിലായ കവളപ്പാറ ദുരന്തത്തിന്റെ അഞ്ചാംവാര്‍ഷികത്തില്‍ നിലമ്പൂര്‍ പോത്തുകല്ലിനെ കാത്തിരുന്നതു കരള്‍ പിളര്‍ക്കുന്ന കാഴ്ചകള്‍. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ മൃതദേഹങ്ങളും ചാലിയാറിലൂടെ ഒഴുകിയെത്തിയ ശരീരാവശിഷ്ടങ്ങളും 20 കിലോമീറ്റര്‍ അകലെ പോത്തുകല്ലില്‍നിന്നാണു കണ്ടെടുത്തത്.
2019 ഓഗസ്റ്റ് എട്ടിനാണു പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടിയത്. ആ ദുരന്തത്തിന്റെ അഞ്ചാംവാര്‍ഷികത്തിനു ദിവസങ്ങള്‍ ശേഷിക്കേയാണു മുണ്ടക്കൈയില്‍നിന്നു സമാനദുരന്തത്തിനിരയായവര്‍ ഉയിരറ്റ് ഒഴുകിയെത്തിയത്.
മുണ്ടേരി ഉള്‍വനത്തില്‍ വാണിയമ്പുഴ കോളനിയിലെ ചെറുപ്പക്കാര്‍ രാവിലെ ആറോടെ ചാലിയാറില്‍ ജലനിരപ്പുയര്‍ന്നോയെന്നു നോക്കാനെത്തിയപ്പോഴാണു തീരത്തടിഞ്ഞ പുരുഷന്റെ മൃതദേഹം കണ്ടത്. കാല്‍ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഉടന്‍ പോത്തുകല്ല് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, പോത്തുകല്ല് കുനിപ്പാലയില്‍ ചാലിയാര്‍ തീരത്തുനിന്ന് ഒരു ആണ്‍കുഞ്ഞിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തി. പിന്നീട് ചാലിയാര്‍ പുഴയ്ക്ക് അക്കരെ വനത്തില്‍ ആദിവാസികളും ഇക്കരെ നാട്ടുകാരും തെരച്ചിലിലേര്‍പ്പെട്ടു.
മുണ്ടക്കൈയില്‍നിന്ന് 20 കിലോമീറ്റര്‍ ഒഴുകിയെത്തിയാണ് മുണ്ടേരിയില്‍ ചാലിയാര്‍പ്പുഴയുടെ തീരത്ത് മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടിഞ്ഞത്. സൂചിപ്പാറ വെള്ളച്ചാട്ടത്തില്‍ പതിച്ചും പുഴയിലെ പാറക്കെട്ടുകളില്‍ത്തട്ടിയുമാണു മൃതദേഹങ്ങള്‍ പലതും ഛിന്നഭിന്നമായത്. ഏകദേശം എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ചാലിയാറിന്റെ തീരത്ത് മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും അടിഞ്ഞു.
إرسال تعليق