തൃശൂർ: തൃശൂരിൽ ഇക്കൊല്ലം പതിനഞ്ച് കോടിയുടെ സൈബർ തട്ടിപ്പ് നടന്നെന്ന് പൊലീസിന്റെ കണക്ക്. വീട് കുത്തിത്തുറന്നുള്ള കവർച്ചയിലൂടെ ഒരു കോടി മാത്രം നഷ്ടപ്പെട്ടിടത്താണ് ഓൺലൈൻ ചതിക്കുഴിയിലൂടെ കോടികൾ കൈയിൽ നിന്ന് പോകുന്നത്. ഓൺലൈൻ തട്ടിപ്പുകളിൽ ജാഗ്രതാ മുന്നറിയിപ്പുമായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ രംഗത്തെത്തി. കവർച്ച, ഭവന ഭേദനമെന്നിങ്ങനെയുള്ള പരമ്പരാഗത തട്ടിപ്പിൽ നിന്ന് മോഷ്ടാക്കൾ വഴിമാറുന്നു എന്നാണ് തൃശൂർ സിറ്റി പൊലീസ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാകുന്നത്.
സൈബറിടങ്ങളാണ് ഇപ്പോൾ തട്ടിപ്പിൻറെ കേന്ദ്രങ്ങൾ. ഓൺലൈൻ വ്യാപാര തട്ടിപ്പിലൂടെ ഇക്കൊല്ലം തൃശൂരിൽ നിന്ന് നഷ്ടപ്പെട്ടത് ഒമ്പത് കോടി മുപ്പത്തിമൂന്നുലക്ഷത്തിലധികം രൂപയാണ്. തൊഴിൽ തട്ടിപ്പ്, അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞുള്ള തട്ടിപ്പ്, നിക്ഷേപത്തട്ടിപ്പ് എന്നിങ്ങനെ പണം ചോർത്തുന്ന വഴികൾ ഒട്ടനവധിയാണ്. തൊഴിൽ തട്ടിപ്പിലൂടെ നഷ്ടമായത് ഒരു കോടി ഏഴു ലക്ഷത്തിലേറെ രൂപയാണ്.
അന്വേഷണ ഉദ്യോഗസ്ഥൻ ചമഞ്ഞും നിക്ഷേപ തട്ടിപ്പിലൂടെയും തട്ടിയത് ഒന്നരക്കോടിയിലേറെ. ഒരാൾക്കും ഒടിപി നൽകരുതെന്ന് ആവർത്തിച്ച് സന്ദേശങ്ങൾ വരാറുണ്ടെങ്കിലും തൃശൂരിൽ ഇക്കൊല്ലം ഒടിപി തട്ടിപ്പ് 45 ലക്ഷത്തിലേറെ രൂപയുടേതാണ്. 190 സൈബർ കേസുകളാണ് ഇക്കൊല്ലം തൃശൂരിൽ രജിസ്റ്റർ ചെയ്തത്. ജില്ലയിലെ 64 സൈബർ ക്രൈം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് മാത്രം 13 കോടിയുടെ ധനാപഹരണ കേസുകളാണ്. രണ്ടു കോടി രൂപ നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്.
إرسال تعليق