തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. കേരളം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇന്നലെ 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഈ മാസം രണ്ട് പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ആറാം തീയതി കാസർഗോഡും എട്ടാം തീയതി തിരുവനന്തപുരത്തും കോളറ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ജൂലൈ മാസത്തെ രോഗബാധിതരുടെ കണക്കുകൾ വിട്ടുവീഴ്ചയില്ലാത്തെ ജാഗ്രത വേണമെന്നാണ് സൂചിപ്പിക്കുന്നത്. ഈ മാസം കണക്കുകൾ കൈവിട്ട് ഉയരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പകർച്ചവ്യാധി തടയുന്നതിനായി ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുന്നതായും ആരോഗ്യവകുപ്പ് അറിയിച്ചു.
إرسال تعليق