Join News @ Iritty Whats App Group

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്?; തുഷാർ വെള്ളാപ്പള്ളിയും പരിഗണനയിൽ

കേരളത്തിൽ നിന്നും ചരിത്ര വിജയം നേടിയ സുരേഷ് ഗോപിയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനാം ഉറപ്പായിരിക്കുകയാണ്. ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയോടെയോ മന്ത്രിസഭയിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് നടക്കുന്ന എൻ ഡി എ യോഗത്തിൽ ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളും. അതേസമയം കേരളത്തിൽ നിന്നും കേന്ദ്രമന്ത്രി പദവിക്ക് പുറമെ ഒരു രാജ്യസഭാംഗത്വം കൂടി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. കെ സുരേന്ദ്രന്റേയും ബി ഡി ജെഎ സ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടേയും പേരുകളാണ് പരിഗണിക്കുന്നതെന്നാണ് സൂചന.

കേരളത്തിലെ ബി ജെ പിയുടെ മുന്നേറ്റത്തിൽ ദേശീയ നേതൃത്വത്തിന് സംതൃപ്തിയുണ്ട്. സുരേഷ് ഗോപിയിലൂടെ ഒരു സീറ്റ് നേടിയെന്നത് മാത്രമല്ല നേതൃത്വത്തെ സന്തോഷിപ്പിക്കുന്നത്. 12 ഓളം നിയമസഭ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനം നേടിയെന്നതും കേന്ദ്ര നേതാക്കൾ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ അതത് മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.


ബി ജെ പി കേരളത്തിൽ മികച്ച പ്രകടനം നടത്തിയ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മാന്യമായ പദവി നൽകണമെന്ന ആവശ്യം പാർട്ടിയിൽ ഉണ്ട്. കെ സി വേണുഗോപാൽ ഒഴിയുന്ന രാജസ്ഥാനിലെ രാജ്യസഭാ സീറ്റിലടക്കം നിരവധി ഒഴിവുകൾ വരാനുണ്ട്. ഈ സീറ്റുകളിൽ ഏതിൽ നിന്നെങ്കിലും സുരേന്ദ്രനെ പരിഗണിച്ചേക്കും. അതേസമയം ബി ഡി ജെ എസിന് സീറ്റ് നൽകി സമുദായ പിന്തുണ ഉറപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാജ്യസഭ സീറ്റ് ലഭിച്ചാൽ തീർച്ചയായും സ്വീകരിക്കുമെന്നാണ് തുഷാറിന്റെ നിലപാട്. അതേസമയം തുഷാറിനെ പരിഗണിച്ചാൽ പിസി ജോർജ് ഇടയുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

അതിനിടെ ഇക്കുറി മികച്ച പ്രവർത്തനം കാഴ്ചവെച്ച ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾക്ക് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകിയേക്കുമെന്നാണ് സൂചന. ആലപ്പുഴയിൽ ബി ജെ പിയുടെ വോട്ടുകൾ കുത്തനെ ഉയർത്താൻ ശോഭയ്ക്ക് സാധിച്ചിരുന്നു. വോട്ട് വിഹിതം 17.24 ശതമാനത്തില്‍ നിന്ന് 28.3 ആയി ഉയർത്താന്‍ ശോഭയ്ക്ക് സാധിച്ചു. 2.99 ലക്ഷം വോട്ടാണ് ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ നേടിയത്. തൃശൂർ പാഠമാണെന്നും അതുകൊണ്ട് തന്നെ അടുത്ത അഞ്ച് വർഷത്തേക്ക് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group