Join News @ Iritty Whats App Group

ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച ; ദേവസ്വം കിട്ടിയിരുന്നെങ്കില്‍ വേണ്ടെന്ന് പറയുമായിരുന്നെന്ന് പ്രതികരണം


തിരുവനന്തപുരം: കെ. രാധാകൃഷ്ണന്റെ പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തുന്ന നിയുക്ത മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. സര്‍ക്കാര്‍ ആവശ്യപ്പെട്ട സമയം ഗവര്‍ണര്‍ അംഗീകരിക്കുകയായിരുന്നു. ഇന്നലെ സിപിഎം സംസ്ഥാന സമിതി എടുത്ത തീരുമാനം അനുസരിച്ചാണ് മാനന്തവാടി എംഎല്‍എയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. സിപിഎം സംസ്ഥാന കമ്മറ്റിയില്‍ നിന്നും മന്ത്രി സ്ഥാനത്തേക്ക് വരുന്നയാളാണ് ഒ.ആര്‍. കേളു.

പട്ടികജാതി ക്ഷേമമാണ് ഒ.ആര്‍. കേളുവിന് നല്‍കിയിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുളള നേതാവായ കേളു സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണെന്നതും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ നിര്‍ണ്ണായകമായി. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എംഎല്‍എമാര്‍ സിപിഐഎമ്മിലില്ല. മന്ത്രിസഭയില്‍ അംഗമായിരുന്ന കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ച സാഹചര്യത്തിലാണ് ഒ.ആര്‍. കേളുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. കെ. രാധാകൃഷ്ണന് നല്‍കിയിരുന്നത് ദേവസ്വം മന്ത്രിയായുള്ള സ്ഥാനമായിരുന്നു.

പട്ടികജാതി വിഭാഗത്തില്‍ നിന്നും എട്ട് ഇടതുപക്ഷ എംഎല്‍എ മാരുള്ള സഭയില്‍ മറ്റനേകം പേരുകള്‍ പറഞ്ഞു കേട്ടിരുന്നെങ്കിലും ഒടുവില്‍ ഒ.ആര്‍. കേളുവിന് നറുക്ക് വീഴുകയായിരുന്നു. അതേസമയം തന്നെ ദേവസ്വം മന്ത്രിയായി പരിഗണിക്കാത്തതില്‍ ആശങ്കയില്ലെന്നും ദേവസ്വം വകുപ്പ് ഏല്‍പ്പിച്ചിരുന്നെങ്കില്‍ നിരസിക്കുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിന് അദ്ദേഹം നല്‍കിയ പ്രതികരണം. ദേവസ്വം വകുപ്പുള്‍പ്പെടെ അനുഭവസമ്പത്തുള്ളവര്‍ ഏറ്റെടുക്കുന്നതുതന്നെയാണ് ഉചിതമെന്നും ഇത്രയും കാലത്തെ പ്രവര്‍ത്തനം വെച്ച് പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഏറെ ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒന്നാണ് ഈ വകുപ്പെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group