കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരേ അതിരൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നുവെന്ന ആരോപണത്തിനു പുറമെ, മൈക്രോ ഫിനാൻസ് കേസിനെക്കുറിച്ചും പത്രത്തിന്റെ മുഖപ്രസംഗത്തിൽ പരാമർശിക്കുന്നു.
മൈക്രോഫിനാൻസ് കേസിൽനിന്ന് വെള്ളാപ്പള്ളി ഊരിപ്പോന്നത് എങ്ങനെയാണെന്ന ചോദ്യമാണ് സമസ്ത ഉയർത്തിയിരിക്കുന്നത്. പാർലമെന്റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ് ലിംങ്ങൾ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്നും ഇസ് ലാമോഫോബിയ പടർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മുസ് ലിം സമുദായം സർക്കാരിൽനിന്നു അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുവെന്ന നവോത്ഥാന സംരക്ഷണ സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളിയുടെ പരാമർശങ്ങളാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്.
ചെയർമാന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് സമിതി വൈസ് ചെയർമാൻ ഡോ. ഹുസൈൻ മടവൂർ നേരത്തെ തൽസ്ഥാനം രാജിവച്ചിരുന്നു.
നവോത്ഥാന സമിതിയുടെ തലപ്പത്തുതന്നെ സാമുദായിക ചേരിതിരിവിന് ആക്കം കൂട്ടുന്ന പ്രസ്താവനകളുണ്ടായിട്ടും സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് കേരളത്തിൽ രൂപപ്പെട്ട പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലാണ് നവോത്ഥാന മൂല്യങ്ങളുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കാനുദേശിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നവോത്ഥാന സമിതി രൂപീകരിച്ചത്. ആ സമിതിയുടെ നേതൃത്വത്തിൽ തന്നെയാണ് ചേരിതിരിവു രൂക്ഷമായിരിക്കുന്നത്.
Post a Comment