Join News @ Iritty Whats App Group

'തൃശൂർ തോൽവിയെ ചൊല്ലി തമ്മിലടി വേണ്ട, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് ഇല്ല': കെ മുരളീധരൻ


കോഴിക്കോട്: തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ല. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഉണ്ടാകും. തൃശൂരിൽ വോട്ട് മറിച്ചതല്ലെന്നും പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടായെന്നും മുരളീധരൻ പ്രതികരിച്ചു. തോൽവിയുടെ പേരിൽ സംഘർഷമുണ്ടാവരുതെന്ന് തൃശൂർ ഡിസിസിയിലെ കൂട്ടയടിയെ കുറിച്ച് മുരളീധരൻ പറഞ്ഞു. 

കഴിഞ്ഞത് കഴിഞ്ഞു. പ്രവർത്തകർ ഒരുമിച്ച് നിൽക്കണം. കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമാകുന്നത് ഒഴിവാക്കണം. തൃശൂരിൽ അതീക്ഷിത തോൽവിയിൽ തമ്മിലടി തുടർന്നാൽ വരുന്ന തെരഞ്ഞെടുപ്പിലും തോൽവി ഉണ്ടാകും. തമ്മിലടി പാടില്ല. ഉണ്ടായത് അപ്രതീക്ഷിത തോൽവിയാണ്. തെരഞ്ഞെടുപ്പിനെ നയിച്ചത് കെ സുധാകരനാണെന്നും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് അദ്ദേഹം തുടരണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. 

ക്രൈസ്തവ വോട്ടുകളിൽ വിള്ളൽ ഉണ്ടായി. ചിലർ മാത്രം വിചാരിച്ചാൽ തന്നെ തോൽപ്പിക്കാൻ ആവില്ല. പരമ്പരാഗതമായി കിട്ടുന്ന വോട്ടുകളിൽ വിള്ളൽ ഉണ്ടായി. തോൽവിയെ കുറിച്ച് അന്വേഷിക്കാൻ അന്വേഷണ കമ്മീഷന്റെ ആവശ്യമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

തൃശൂർ ഡിസിസിയിലെ തമ്മിൽത്തല്ലിൽ ബിജെപി നേതാവും മുരളീധരന്‍റെ സഹോദരിയുമായ പത്മജ വേണു​ഗോപാലും പ്രതികരിച്ചു. തൃശൂരിൽ പോസ്റ്ററിൽ വന്നവർ മാത്രമല്ല വില്ലന്മാർ. അവരുടെ ശിങ്കിടികളും വില്ലന്മാരായുണ്ടെന്ന് പത്മജ പറഞ്ഞു. നേതാക്കൾ പറയും ശിങ്കിടികൾ നടപ്പാക്കും. പറഞ്ഞത് കേട്ടില്ലെങ്കിൽ ദില്ലിയിലെ വലിയ നേതാവിന്റെ പേരും സംസ്ഥാനത്തെ ഒരു നേതാവിന്റെ പേരും പറയും. നേതാക്കൾ വന്നാൽ ‍ഡിസിസി പ്രസിഡന്റിനെ വരെ കാറിൽ കയറ്റാതെ ഇടിച്ചു കയറുമെന്നും പത്മജ പറഞ്ഞു. 

തൃശ്ശൂർ ഡിസിസി ഓഫീസിലെ കൂട്ടയടിക്ക് പിന്നാലെ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. യുഡിഎഫ് ചെയർമാൻ എംപി വിൻസന്‍റിനെതിരെയാണ് പുതിയ പോസ്റ്റർ. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെയാണ് ഗ്രൂപ്പ് തിരിഞ്ഞ് പോസ്റ്ററുകൾ പതിക്കുന്നത് ആരംഭിച്ചത്. ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരിനും മുൻ എംപി ടി എൻ പ്രതാപനുമെതിരെ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസിയിലെ കയ്യാങ്കളിയിൽ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പടെ 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി.

Post a Comment

أحدث أقدم
Join Our Whats App Group