Join News @ Iritty Whats App Group

എംവി നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി വിടുന്നു; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്‌


മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് റിപ്പോര്‍ട്ടര്‍ ടിവി ചീഫ് എഡിറ്റര്‍ എംവി നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവി സ്റ്റുഡിയോയില്‍ നിന്ന് നികേഷ് കുമാറിന് ഉപചാരപൂര്‍വ്വം സെന്‍ഡ് ഓഫ് നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് നികേഷ് കുമാര്‍ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്.

നേരത്തെ 2016ല്‍ അഴീക്കോട് സിപിഎം സ്വതന്ത്രനായി മല്‍സരിക്കാന്‍ മാധ്യമപ്രവര്‍ത്തനം വിട്ടാണ് നികേഷ് കുമാര്‍ ഇറങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് മടങ്ങി മാധ്യമപ്രവര്‍ത്തനം തുടരുകയായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി സ്ഥാപകനം മാനേജിംഗ് ഡയറക്ടറുമായിരുന്ന എംവി നികേഷ് കുമാര്‍ പിന്നീട് സ്ഥാപനത്തിന്റെ ഷെയറുകള്‍ മൂട്ടില്‍ മരംമുറി കേസിലെ പ്രതികളായ അഗസ്തിന്‍ സഹോദരങ്ങള്‍ വാങ്ങിയതോടെ ചാനലില്‍ നികേഷ് കുമാറിന്റെ സാന്നിധ്യം എത്രനാളുണ്ടാകുമെന്ന ചോദ്യം ഉയര്‍ന്നിരുന്നു.



റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനും മാനേജ്‌മെന്റിനുമെതിരെ ചാനലില്‍ നിന്ന് പിരിഞ്ഞുപോയ ചില സ്റ്റാഫുകള്‍ അടക്കം ഉന്നയിച്ച ആരോപണങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മുട്ടില്‍ മരംമുറി കേസ് പ്രതികള്‍ വാങ്ങിയ ചാനലിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചിരുന്ന വാര്‍ത്തയായിരുന്നു. റോജി അഗസ്റ്റിയന്‍, ജോസുകുട്ടി അഗസ്റ്റിയന്‍, ആന്റോ അഗസ്റ്റിയന്‍ എന്നിവരാണ് മുട്ടില്‍ മരംമുറി കേസിലെ പ്രതികള്‍. ഇതില്‍ ആന്റോ അഗസ്റ്റിനാണ് റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍. ഇവര്‍ ഉടമകളായ മാധ്യമസ്ഥാപനത്തിന്റെ ഓഹരി കൈമാറ്റവും ഇഡി അന്വേഷണ പരിധിയിലായിരുന്നു. ഇതിന്റെ ഭാഗമായ നേരത്തെ നികേഷിനെ ഇഡി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചാനലിന്റെ ഓഹരി കൈമാറ്റമടക്കം അന്വേഷണം നടക്കുന്നതാണ്.

വമ്പന്‍ സന്നാഹത്തിലാണ് പുതിയ മാനേജ്‌മെന്റിന് കീഴില്‍ റിപ്പോര്‍ട്ടര്‍ ലൈവ് പ്രവര്‍ത്തനം ആരംഭിച്ചത്. ഓഹരി കൈമാറ്റത്തിന് ശേഷം ചീഫ് എഡിറ്ററായി എംവി നികേഷ് കുമാര്‍ ചാനലില്‍ തുടരുകയായിരുന്നു. എന്നാല്‍ പല അഭിപ്രായ ഭിന്നതകളും ചാനല്‍ ഓഫീസില്‍ നിലനില്‍ക്കുന്നുവെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വിടുന്നുവെന്ന വാര്‍ത്ത വരുന്നത്. ഇന്ത്യാവിഷന്‍ എന്ന മലയാളത്തിന്റെ ആദ്യ 24/7 വാര്‍ത്താ ചാനലിന്റെ സാരഥിയായാണ് നികേഷ് കുമാര്‍ മാധ്യമ കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ വാര്‍ത്ത അവതാരകനായി മാറിയത്. ഏഷ്യാനെറ്റില്‍ നിന്ന് തുടങ്ങിയ മാധ്യമപ്രവര്‍ത്തന ജീവിതമാണ് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും നികേഷ് കുമാറിനെ വാര്‍ത്താ ലോകത്തെ താരപരിവേഷമായി നിലനിര്‍ത്തുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group