Join News @ Iritty Whats App Group

‘തെറ്റിപ്പോയി, തെറ്റ് അംഗീകരിക്കുന്നു’; ഇനി തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തില്ലെന്ന് പ്രശാന്ത് കിഷോർ


തിരഞ്ഞെടുപ്പ് ഫല പ്രവചനം നടത്തുന്നത് നിർത്തുന്നതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024 ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ തൻ്റെ പ്രവചനവും ഫലവും തമ്മിൽ വലിയ അന്തരം വന്നതോടെയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 300 സീറ്റ് നേടുമെന്നായിരുന്നു പ്രശാന്തിൻ്റെ പ്രവചനം. എന്നാൽ 240 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ഇതിനുപിന്നാലെയാണ് തന്റെ പ്രവചനം തെറ്റിപ്പോയി എന്ന് സമ്മതിച്ച് പ്രശാന്ത് രംഗത്ത് വന്നത്. തന്നെപോലെയുള്ള രാഷ്ട്രതന്ത്രജ്ഞർക്കും അഭിപ്രായ സർവേകളിലൂടെ ഫലപ്രഖ്യാപനം പ്രവർചിച്ചവർക്കും എല്ലാം ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് പ്രശാന്ത് കിഷോർ.

ഞങ്ങളുടെ എല്ലാവരുടേയും പ്രവചനങ്ങൾ തെറ്റിപ്പോയെന്നും തെറ്റ് പറ്റി എന്ന കാര്യം അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. ഭാവിയിൽ ഒരിക്കലും ഏതെങ്കിലും പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനങ്ങൾ ഞാൻ നടത്തില്ലെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് കിഷോർ പറഞ്ഞു.

കഴിഞ്ഞ രണ്ടുവർഷങ്ങളിൽ മാത്രമാണ് സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള പ്രവചനം താൻ നടത്തിയിട്ടുള്ളത്. ബെംഗാൾ അസംബ്ലി തിരഞ്ഞെടുപ്പിലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മാത്രം. ഒരു രാഷ്ട്രീയതന്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ ഇനി അത് ചെയ്യാൻ പാടില്ല എന്ന് സ്വയം മനസിലാക്കുന്നു. ഭാവിയിൽ സീറ്റുകളുടെ എണ്ണം പറഞ്ഞുള്ള ഫല പ്രവചനങ്ങൾ നടത്തില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ തന്റെ വിലയിരുത്തലുകൾ തെറ്റായിരുന്നു എന്നാണ് താൻ മനസിലാകുന്നതെന്നും പ്രശാന്ത് കിഷോർ പറഞ്ഞു. അത് അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. ഞാൻ പ്രവചിച്ചതിൽ നിന്നും ഏകദേശം 20 ശതമാനത്തോളം വ്യത്യാസമാണ് പുറത്തുവന്ന ഫലമെന്നും പ്രശാന്ത് കിഷോർ കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم
Join Our Whats App Group