ഒ.ആർ കേളു മന്ത്രിയായി ചുമതലയേറ്റു. പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് ചുമതലയേറ്റത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിരുവനന്തപുരത്ത് രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു.
നാല് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. വയനാട്ടില്‍നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആര്‍ കേളുവിനെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. ആലത്തൂര്‍ എംപിയായി ലോക്സഭയിലേക്ക് ജയിച്ച സാഹചര്യത്തിലായിരുന്നു കെ രാധാകൃഷ്ണന്റെ രാജി. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് കേളു.
പിണറായി സര്‍ക്കാരില്‍ വയനാട്ടില്‍ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ്. മന്ത്രിയാകുമെന്ന പ്രഖ്യാപനം കേട്ടശേഷം നാട്ടിലേക്ക് മടങ്ങിയ കേളു ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. സത്യപ്രതിജ്ഞ കാണാന്‍ കുടുംബവും കൂടെയെത്തിയിരുന്നു. അതേസമയം പടക്കം പൊട്ടിച്ചും അഭിവാദ്യങ്ങൾ അർപ്പിച്ചും വയനാട് സന്തോഷത്തിൽ പങ്കാളികളായി.
إرسال تعليق