ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജ്. ലാത്തിച്ചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടന പ്രസംഗമെല്ലാം കഴിഞ്ഞ് അവസാനമാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴി മാറിയത്. പാര്‍ലമെന്റ് മാര്‍ച്ച് എന്ന നിലയ്ക്കായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധം നടത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്മാര്‍ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.
തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും ബാരിക്കേഡുകള്‍ അടക്കം മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചപ്പോഴാണ് ലാത്തി ചാര്‍ജ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നത്. ബിവി ശ്രീനിവാസ് പൊലീസ് കസ്റ്റഡിയിലാണ്. വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം, എന്‍ടിഎ പിരിച്ചുവിടണം, അഗ്‌നിവീര്‍ അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
إرسال تعليق