മാന്നാർ: ഭർത്താവിനോടുള്ള വിദ്വേഷം തീർക്കാൻ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ എളവ അക്ബർ മൻസിൽ അനീഷ (32)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.
അനീഷയുടെ ഭർത്താവ് നജീബുദീന്റെ മൂന്നാമത്തെ ഭാര്യയാണ് ഇവർ. ഇവരുടെ ഒന്നേകാൽ വയസ് മാത്രമുള്ള ആൺകുട്ടിയാണ് അനീഷയുടെ ക്രൂര മർദനത്തിനിരയായത്. വിദേശത്ത് ജോലി ചെയ്യുന്ന നജീബുദീൻ തിരുവനന്തപുരം സ്വദേശിയാണ്. നജീബുദീൻ അനീഷയെയും മകനെയും അന്വേഷിക്കുന്നില്ലെന്നും നാലാമതും അയാൾ വിവാഹം കഴിച്ചെന്നുമാണ് ഇവർ പറയുന്നത്.
അതിന്റെ വൈരാഗ്യത്തിലാണ് പിഞ്ചുകുഞ്ഞിനെ അനീഷ മർദിച്ചത്. പിഞ്ചുകുഞ്ഞിന്റെ കൈ കാലുകളിലും പുറത്തും ക്രൂരമായി കൈ കൊണ്ട് മർദിക്കുകയും ഭർത്താവിന് അയച്ചുകൊടുക്കുന്നതിനായി അവ മൊബൈലിൽ പകർത്തി അയച്ച് കൊടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ലഭിച്ച ഭർത്താവ് അത് സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുത്തതോടെയാണ് മർദനത്തിന്റെ വിവരം പുറത്തറിഞ്ഞത്.
ഇന്നലെ പുലർച്ചെ അനീഷയെ വീട്ടിലെത്തി പോലീസ് പിടികൂടുകയായിരുന്നു. അനീഷയെയും കുഞ്ഞിനെയും മാവേലിക്കര ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഇരുവരെയും ഹാജരാക്കിയ ശേഷം കുഞ്ഞിനെ ചൈൽഡ് വെൽഫെയർ സമിതിക്ക് കൈമാറും. അനിഷയുടെ പിതാവ് ഇസ്മയിൽ, മുൻ വിവാഹത്തിലെ ആറു വയസുള്ള ആൺകുട്ടി എന്നിവരോടൊപ്പമാണ് ഇവർ താമസിക്കുന്നത്. അനീഷയും ഇതിന് മുൻപ് രണ്ട് വിവാഹം കഴിച്ചതാണ്.
إرسال تعليق