നിസാരമായ രോഗസാഹചര്യത്തില്നിന്നു ഗുരുതരമായ രോഗാവസ്ഥയിലൂടെ മരണത്തിലേക്കുവരെ എത്തിച്ചേക്കാവുന്നതാണ് അമീബിക് മെനിഞ്ജോ എന്‍സെഫലൈറ്റിസ് അഥവ അമീബിക് മസ്തിഷ്ക ജ്വരം. കൂടുതലും കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം പിടിപെട്ടാല്‍ മരണം വരെ സംഭവിച്ചേക്കാം.
ബ്രെയിന്‍ ഈറ്റര്‍ എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി വിഭാഗത്തില്‍പെടുന്ന അമീബ തലച്ചോറില്‍ എത്തുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. അമീബ തലച്ചോറിനെ ബാധിച്ചതിനുശേഷമേ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുകയുള്ളൂ എന്നതിനാല്‍ ചികിത്സിച്ച് ഭേദമാക്കുക എളുപ്പമല്ല.
വളരെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രോഗാവസ്ഥയാണിതെങ്കിലും 99 ശതമാനം രോഗികളും മരിക്കുന്നു എന്നതാണ് അമീബിക് മസ്തിഷ്ക ജ്വരത്തെ ഭയപ്പെടുന്നതാക്കുന്നത്.
ചൂടുകാലത്താണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. ദീര്‍ഘനാളായി വെള്ളം കെട്ടിക്കിടക്കുന്ന കുളങ്ങള്‍, തോടുകള്‍, വെള്ളക്കെട്ടുകള്‍ തുടങ്ങിയവയില്‍ മുങ്ങിക്കുളിക്കുന്നതുവഴിയാണ് സാധാരണയായി രോഗം പിടിപെടുക.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നേഗ്ലെറിയ ഫൗലേറി എന്ന സൂക്ഷ്മ ജീവിയുടെ സാന്നിധ്യം ഉണ്ട്.
മൂക്കിലൂടെ വെള്ളം കയറുമ്പോള്‍ നേഗ്ലെറിയ ഫൗലേറിയും ശരീരത്തിലുള്ളില്‍ കടക്കും. ഇവ മണം അറിയാന്‍ സഹായിക്കുന്ന നാഡീഞരമ്പുകളിലൂടെ നേരേ തലച്ചോറിലെത്തും.
തലച്ചോറിനെ പൊതിഞ്ഞു സംരക്ഷിക്കുന്ന മെനിഞ്ചസുകളെ തകര്‍ത്തശേഷം തലച്ചോറിനുള്ളിലേക്കു കയറും. ഈ ഘട്ടത്തില്‍ മാത്രമാകും ലക്ഷണങ്ങള്പോലും കണ്ടുതുടങ്ങുക. വളരെപ്പെട്ടെന്നു തന്നെ സൂക്ഷ്മാണുക്കള്‍ തലച്ചോറില്‍ ആകെ വ്യാപിക്കുകയും കോശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച് മരണപ്പെടുകയുമാണ് സംഭവിക്കുന്നത്.
ലക്ഷണങ്ങൾ
കഠിനമായ പനി, തലവേദന, ഛര്‍ദ്ദി, തളര്‍ച്ച എന്നിവയാണ് രോഗലക്ഷണങ്ങള്‍. മൂര്ധന്യാവസ്ഥയില് ബോധക്കേടും ചിലരില്‍ അപസ്മാരവും കാണാറുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍നിന്ന് രോഗം ഉണ്ടാകുന്നു എന്നതിനാലാകണം 12-15 വയസുവരെയുള്ള ആണ്‍കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടിട്ടുള്ളത്.
രോഗം തിരിച്ചറിയാന്‍ കഴിഞ്ഞിട്ട് ഏതാനം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ മരുന്നുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആന്റി ബയോട്ടിക്കുകളും ആന്റില്‍ ഫംഗല്സും കൂട്ടിച്ചേര്‍ത്തുള്ള കോമ്പിനേഷന്‍ മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കാറുളളത്. പാര്‍ശ്വഫലങ്ങള്‍ ഏറെ ഉണ്ടാകാനിടയുള്ളതിനാല്‍ പലരിലും ചികിത്സ പൂര്ത്തീകരിക്കാനാകാറില്ല.
മരണനിരക്ക് കൂടുന്നതിന്റെ ഒരു കാരണവും ഇതാണ്. മരുന്നിന് വീര്യം കൂടുതലായതിനാല്‍ രോഗികളില്‍ പൊട്ടാസ്യത്തിന്റെ അളവ് പെട്ടെന്ന് കുറയുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. മാത്രമല്ല വൃക്കയും കരളും തകരാറിലാകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. മരുന്നുകള്‍ എല്ലായിടത്തും ലഭ്യമല്ല എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പകരില്ല, പക്ഷേ ശ്രദ്ധ വേണം
മുന്‍കാലങ്ങളെ അപേക്ഷിച്ച് രോഗം കണ്ടുപിടിക്കാന്‍ കഴിയുന്നു എന്നതുകൊണ്ടാകാം അമീബിക് മസ്തിഷ്ക ജ്വരം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പ്രതിരോധ ശക്തി കുറവുള്ളവരിലാണ് രോഗം വേഗത്തില്‍ പിടിപെടുന്നത്. ഒരുകൂട്ടം കുട്ടികള്‍ ഒരേ സമയം കുളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ ഇവരില്‍ ഒന്നോ രണ്ടോ പേരില്‍ മാത്രം രോധബാധ ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.
രോഗം സ്ഥിരീകരിച്ചാല്‍ തന്നെ അതിനുതകുന്ന മരുന്ന് നല്കാന് കഴിയുക എന്നത് വളരെ പ്രധാനമാണ്. പലപ്പോഴും വൈറല്‍ പനിയാണ് എന്നു കരുതി സ്വയംചികിത്സ നടത്തി അപസ്മാരമൊക്കെ ആയതിനുശേഷമാകും ഡോക്ടര്‍മാരുടെ അടുക്കലെത്തുക. അപ്പോഴേക്കും സമയം ഏറെ വൈകിയിട്ടുമുണ്ടാകും.
മനുഷ്യനില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്നത് മാത്രമാണ് ഒരാശ്വാസം. രോഗ സാധ്യതകളെ കുറിച്ച് സ്വയം ബോധവാന്മാരുകുന്നതോടൊപ്പം കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കാനും മൂക്കില്‍ വെള്ളം കയറുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം. രോഗം വരാതെ നോക്കുകമാത്രമാണ് ഇത്തരം മാരക രോഗാവസ്ഥയില്‍നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം.
إرسال تعليق