കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ സീന എന്ന യുവതി. നമുക്ക് ജീവിക്കണം, ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ലെന്ന് പറഞ്ഞ യുവതി ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും രൂക്ഷഭാഷയിൽ പ്രതികരിച്ചു. 'ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. ഭയമില്ലാതെ ഇവിടെ ജീവിക്കണം. താൻ തുറന്നു പറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. സമീപത്തെ പറമ്പിൽ നിന്ന് പാർട്ടിക്കാർ വന്ന് ബോംബുകൾ എടുത്തുമാറ്റി.' സഹികെട്ടാണ് തുറന്നുപറയുന്നതെന്നും സീനയുടെ വാക്കുകൾ. മരിച്ച വേലായുധന്റെ അയൽവാസിയാണ് സീന.
ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.
إرسال تعليق