Join News @ Iritty Whats App Group

കുവൈത്ത് ദുരന്തം: 'മരിച്ച ശ്രീഹരി ജോലിക്കായി എത്തിയത് കഴിഞ്ഞ ആഴ്ച'


കോട്ടയം: തീപിടിത്തത്തില്‍ മരിച്ച ചങ്ങനാശേരി സ്വദേശി ശ്രീഹരി ജോലിക്കായി കുവൈത്തില്‍ എത്തിയത് കഴിഞ്ഞ ആഴ്ച. മെക്കാനിക്കല്‍ എഞ്ചിനിയറായി ജൂണ്‍ അഞ്ചിനാണ് ശ്രീഹരി ജോലിയില്‍ പ്രവേശിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയാണ് 27കാരനായ ശ്രീഹരി. ഇത്തിത്താനം ഇളംകാവ് കിഴക്കേട്ടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ്. പിതാവ് പ്രദീപും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. തീപിടിത്തത്തിന് ശേഷം ശ്രീഹരിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം സ്ഥിരീകരിച്ചത്. പ്രദീപാണ് വിവരം ഇന്ന് രാവിലെ നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. 

അതേസമയം, കുവൈത്ത് തൊഴിലാളി ക്യാമ്പ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ഇന്നലെയുണ്ടായ ദുരന്തത്തില്‍ 49 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അവരില്‍ 40 ഇന്ത്യക്കാരാണുള്ളത്. ഇവരില്‍ 12 പേര്‍ മലയാളികളാണ്. മരിച്ച 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. ഷമീര്‍, ലൂക്കോസ് സാബു, സാജന്‍ ജോര്‍ജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികള്‍. മുരളീധരന്‍, ആകാശ് ശശിധരന്‍, സജു വര്‍ഗീസ്, തോമസ് സി ഉമ്മന്‍ എന്നിവര്‍ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, ചങ്ങനാശേരി സ്വദേശി ശ്രീഹരി, മലപ്പുറം തിരൂര്‍ സ്വദേശി നൂഹ്, കാസര്‍കോട് ചെര്‍ക്കള കുണ്ടടക്കം സ്വദേശി രഞ്ജിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group