Join News @ Iritty Whats App Group

റദ്ദാക്കിയ യുജിസി-നെറ്റ്, സിഎസ്‌ഐആര്‍-നെറ്റ് പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു; പുതുക്കിയ തിയതി ഇതാ


ന്യൂഡല്‍ഹി: റദ്ദാക്കിയ യുജിസി-നെറ്റ് 2024 പരീക്ഷയുടെ പുതിയ തീയതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 നും സെപ്റ്റംബര്‍ 4 നും ഇടയില്‍ പരീക്ഷ വീണ്ടും നടത്തുമെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ എന്‍ടിഎ വിജ്ഞാപനത്തില്‍ പറയുന്നു. യുജിസി-നെറ്റ് ജൂണ്‍ 2024 സൈക്കിള്‍ പരീക്ഷ ഓഫ്ലൈന്‍ മോഡില്‍ നടത്തിയിരുന്നു. ഇപ്പോഴിത് കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡില്‍ നടത്തുമെന്ന് അറിയിപ്പില്‍ പറയുന്നു.


എന്‍സിഇടിയുടെ കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റിന്റെ തീയതി ജൂലൈ 10 ന് ആയിരിക്കും. അതേസമയം സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് 2024 നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ ജൂലൈ 6 ന് തന്നെ നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്.


പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമായിരുന്നു ഇത് റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോകള്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, പിഎച്ച്ഡി സ്‌കോളര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള യുജിസി-നെറ്റ്-പരീക്ഷ ജൂണ്‍ 18-നാണ് എന്‍ടിഎ നടത്തിയത്. 317 നഗരങ്ങളിലെ 1205 കേന്ദ്രങ്ങളിലായി 11 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആണ് പരീക്ഷ എഴുതിയത്.


എന്നാല്‍, ചോദ്യപേപ്പര്‍ ഡാര്‍ക്ക്‌നെറ്റിലൂടെ ചോര്‍ന്നു എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതോടെ പരീക്ഷ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്. സിബിഐ അന്വേഷണത്തിന് ശേഷം, ഡാര്‍ക്ക്‌നെറ്റിലും മറ്റ് എന്‍ക്രിപ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയും പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ജൂണ്‍ 16 ന് പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു.


അഞ്ച് ലക്ഷത്തിലധികം രൂപയ്ക്ക് ഇവ വിറ്റു എന്നും വിവരമുണ്ട്. നീറ്റ്-യുജിയിലും യുജിസി-നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയതിലും ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിലും വിഷയം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, ഇന്ത്യന്‍ സര്‍വ്വകലാശാലയിലെ പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ചേരല്‍ എന്നിവയ്ക്കുള്ള യോഗ്യത തീരുമാനിക്കുന്നതിനായി വര്‍ഷത്തില്‍ രണ്ട് തവണയാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇത് പൊതുവെ നടത്താറുള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group