Join News @ Iritty Whats App Group

'എനിക്കും എന്‍റെ വീട്ടുകാർക്കും എന്തും സംഭവിക്കാം, ആക്രമിക്കപ്പെട്ടേക്കാം'; ആരോപണവുമായി എരഞ്ഞോളിയിലെ യുവതി


കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറി‍ച്ച് മരിച്ച സംഭവത്തിൽ നാട്ടില്‍ നടക്കുന്ന ബോംബ് നിര്‍മാണത്തെക്കുറിച്ച് പ്രതികരിച്ച പ്രദേശവാസിയായ യുവതിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം. താൻ പ്രതികരിച്ചതിന് പിന്നാലെ നാട്ടില്‍ ഒറ്റപ്പെടുത്തല്‍ തുടങ്ങിയെന്നും ആക്രമിക്കപ്പെട്ടേക്കാമെന്ന പേടിയുണ്ടെന്നും സീന  പറഞ്ഞു. എനിക്ക് എന്തും സംഭവിക്കാം. ആക്രമിച്ചേക്കാം എന്ന പേടിയുണ്ട്. എന്‍റെ വീട്ടുകാർക്കും എന്തും സംഭവിക്കാം. ഇന്നലെ താൻ പ്രതികരിച്ചതിനുശേഷം മെമ്പർ അടക്കം സിപിഎം പ്രവർത്തകർ വീട്ടിലെത്തി.

ഈ സമയം വീട്ടിൽ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടായത്. ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്നോടാണ് പറഞ്ഞു തീർക്കേണ്ടത്. അല്ലാതെ വീട്ടിൽ പോവുകയല്ല വേണ്ടത്. ഞാൻ ഒരു പാര്‍ട്ടിയെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ബോംബ് നിര്‍മാണത്തെക്കുറിച്ചാണ് പറഞ്ഞത്. നാട്ടില്‍ മനുഷ്യനായി സമാധാനത്തോടെ ജീവിക്കാൻ വേണ്ടിയാണ് തുറന്ന് പറഞ്ഞത്. കുഞ്ഞുങ്ങള്‍ക്ക് നാട്ടില്‍ കളിച്ചു നടക്കാനാകണം. ഇവിടെ ന്യൂ ഇയറിനടക്കം ബോംബ് പൊട്ടിച്ച് ആഘോഷിക്കുന്ന രീതിയുണ്ട്. ആദ്യം മാന്യമായാണ് അവര്‍ സംസാരിച്ചത്. പക്ഷേ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല.

പ്രതികരിച്ചതിനുപിന്നാലെ നാട്ടിൽ ഒറ്റപ്പെടുത്തൽ തുടങ്ങി. വീടുകളിൽ പാർട്ടിയുടെ നേതൃത്വത്തിൽ നിർബന്ധിത പിരിവുണ്ട്. മിനിമം 500 രൂപയെങ്കിലും കൊടുക്കണം. എല്ലാവരും പേടിച്ചിട്ടാണ് കൊടുക്കുന്നത്. നാടിനെ മോശമാക്കിയിട്ടില്ല. ഉള്ള സത്യം വിളിച്ചു പറയുകയാണ് ചെയ്തത്. രാഷ്ട്രീയം കൊണ്ട് എനിക്കൊന്നും നേടാനില്ല. ഇതുവരെ ഒരു സാധാരണക്കാരൻ അവിടെ മരിച്ചിട്ടില്ല.ഇപ്പോള്‍ ഒരാള്‍ മരിച്ച അനുഭവം ഉണ്ടായപ്പോള്‍ തുറന്നു പറയാമെന്ന് കരുതിയാണെന്നും സീന പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group