പാലക്കാട്: ഓട്ടിസം ബാധിച്ച മകള്‍ രാത്രി ഉറക്കെ ശബ്ദം ഉണ്ടാക്കുന്നുവെന്ന അയൽവാസികളുടെ പരാതി മൂലം പന്ത്രണ്ട് വാടക വീടുകൾ മാറേണ്ടി വന്ന പാലക്കാട്ടെ അക്ബർ അലിയ്ക്കും കുടുംബത്തിനും വീടൊരുങ്ങി. . വിവരമറിഞ്ഞ് നിരവധി പേരാണ് ഈ കുടുംബത്തെ സഹായിച്ചത്. പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പില്‍ മുൻകൈ എടുത്ത് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനും അന്ന് തീരുമാനിച്ചു. ആ വീട് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്. വീടിന്റെ ഗൃഹ പ്രവേശം ഇന്ന് നടക്കും.
മൂന്ന് വർഷം മുമ്പാണ് ഈ വാർത്ത ആദ്യമായി വരുന്നത്. അന്ന് വാർത്ത പുറത്ത് വന്നപ്പോൾ മൂന്ന് സെന്റ് സ്ഥലം ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ വീടെന്ന സ്വപ്നത്തിന് പല തടസ്സങ്ങളും ഉണ്ടായി. സുഖമില്ലാത്ത മകളുമായി താമസിക്കാൻ ഇടമില്ലെന്നായിരുന്നു അന്ന് ഈ കുടുംബം പറഞ്ഞത്. വാർത്തക്ക് ശേഷമാണ് ഷാഫി പറമ്പിൽ ഇടപെട്ടത്. കൂടാതെ പേര് വെളിപ്പെടുത്താൻ താൽപ്പര്യമില്ലാത്ത ഒരാളും വീടിന് വേണ്ടി അകമഴിഞ്ഞ് സഹായിച്ചു. 520 സ്ക്വയർഫീറ്റിലാണ് വീട്. 2 മുറികളുൾപ്പെടെയുള്ള വീടാണിത്.
ഷാഫിക്കും ഷാജുസാറിനും വിദേശത്തുള്ളയാൾക്കും വേണ്ടി പ്രാർത്ഥിക്കുകയാണെന്ന് പിതാവ് പറഞ്ഞു. ഒരു സെന്റ് ഭൂമി പോലും വാങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് നിലവിലുള്ളത്. മൂന്നുപേർക്കും നന്ദി പറയുകയാണെന്നും പിതാവ് പറഞ്ഞു. ഒരിയ്ക്കലും ഒരു വീട് ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മാതാവും പ്രതികരിച്ചു. അയൽക്കാരുടെ ശല്യമില്ലാതെ ഇവിടെ കഴിയാമെന്നാണ് കരുതുന്നത്. മോളെക്കുറിച്ച് അയൽവാസികൾ പറയുമ്പോഴൊക്കെയും ആരോടും മറുപടി പറയാറില്ലായിരുന്നു. രാത്രി ഉറക്കമില്ല. മരുന്നിന്റെ ഡോസ് തീർന്നാൽ മോള് എണീറ്റിരിക്കും. ഇതെല്ലാം അവർക്ക് ബുദ്ധിമുട്ടായിരുന്നു. കൂലിപ്പണി ചെയ്തിരുന്ന ഭർത്താവ് അപകടം പറ്റി ഇരിപ്പാണ്. പലരുടേയും സഹായം കൊണ്ടാണ് കഴിഞ്ഞു പോവുന്നത്. ആറുമാസത്തിന് ജോലി ചെയ്യാൻ പാടില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ജീവിതം എങ്ങനെയാണ് മുന്നോട്ട് പോവുകയെന്ന് അറിയില്ലെന്നും മാതാവ് പറയുന്നു.
إرسال تعليق