തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായി. നാളെയാണ് വോട്ടെണ്ണുക. നാളെ രാവിലെ എട്ടിന് ആദ്യം എണ്ണി തുടങ്ങുന്നത് തപാൽ ബാലറ്റുകളാണ്. തപാൽ വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ കൂടി എണ്ണിത്തീര്ത്തശേഷമാവും അന്തിമ ഫലപ്രഖ്യാപനം.
കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്സർവർമാർ, തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ, നിരീക്ഷകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഏജന്റുമാർ എന്നിവർക്ക് മാത്രമാണ് വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശനം. കൗണ്ടിംഗ് ഏജന്റുമാർക്ക് സ്ഥാനാർഥിയുടെ പേരും നിർദിഷ്ട ടേബിൾ നന്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിംഗ് ഓഫീസർ നൽകും. വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകനൊഴികെയുള്ളവർക്ക് മൊബൈൽ ഫോണ് ഉപയോഗിക്കാനാകില്ല.
ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ട് എണ്ണാൻ ഓരോ ഹാൾ ഉണ്ടാകും. ഓരോ ഹാളിലും പരമാവധി 14 മേശകളുണ്ട്. ഓരോ മേശയ്ക്കും ഒരു കൗണ്ടിംഗ് സൂപ്പർവൈസർ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ എന്നിവരും വോട്ടെണ്ണൽ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സർവറുടെ ഡ്യൂട്ടി.
നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കും. വോട്ടെണ്ണൽ ദിനം പുലർച്ചെ അഞ്ചിന് നടക്കുന്ന മൂന്നാംഘട്ട റാൻഡമൈസേഷനിലാണ് വോട്ടെണ്ണൽ മേശയുടെ വിശദാംശങ്ങൾ ജീവനക്കാർക്ക് ലഭ്യമാക്കുക. വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുന്പോൾ സ്ട്രോംഗ് റൂമുകൾ തുറക്കും. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ഏജന്റുമാർ, കമ്മിഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂം തുറക്കുക. ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.
തപാൽ ബാലറ്റുകൾ റിട്ടേണിംഗ് ഓഫീസറുടെ മേശപ്പുറത്താകും എണ്ണുക. 8.30മുതൽ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. വോട്ടിംഗ് യന്ത്രത്തിന്റെ കണ്ട്രോൾ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്ട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശപ്പുറത്ത് വയ്ക്കുക.
കൗണ്ടിംഗ് ടേബിളിൽ കണ്ട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ സൂപ്പർവൈസർ വോട്ടിംഗ് യന്ത്രം പരിശോധിച്ച് കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിക്കും. തുടർന്ന് ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും.
ഓരോ റൗണ്ടിലും എല്ലാ വോട്ടിംഗ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിക്കും.
എല്ലാ റൗണ്ടിലെയും വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാൻഡമായി തെരഞ്ഞെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും.
إرسال تعليق