Join News @ Iritty Whats App Group

ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം; സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി


നടനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതിയാണ് സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി.

ഒരാഴ്ചയ്ക്കുള്ളില്‍ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സത്യഭാമ കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കി. ഹാജരാകുന്ന ദിവസം സത്യഭാമയുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ നെടുമങ്ങാട് സെഷന്‍സ് കോടതിയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സത്യഭാമ നെടുമങ്ങാട് പട്ടിക ജാതി-പട്ടിക വര്‍ഗ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

അഭിമുഖത്തിനിടെ സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെതിരെ നടത്തിയ പ്രസ്താവനകളായിരുന്നു കേസിന് ആസ്പദം. മോഹിനിയായിരിക്കണം മോഹിനിയാട്ടം കളിക്കേണ്ടത്. പുരുഷന്മാരാണ് മോഹിനിയാട്ടം ചെയ്യുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട് കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നുമായിരുന്നു പ്രസ്താവന.

ഇതിന് പിന്നാലെ വിവാദ പ്രസ്താവനകള്‍ തനിക്കെതിരെയാണെന്ന് അറിയിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group