Join News @ Iritty Whats App Group

‘ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണ്’; വയനാട്ടിലെ ജനങ്ങളോട് രാഹുൽ ​ഗാന്ധി, ഭരണഘടന ഉയർത്തിക്കാട്ടി എടവണ്ണയിലെ പ്രസംഗം


ഭരണഘടന ഇല്ലാതായാൽ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന് വയനാട് മണ്ഡലത്തിലെ നിയുക്ത എംപി രാഹുൽ ഗാന്ധി. ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തിരഞ്ഞെടുപ്പിൽ നടത്തിയതെന്നും രാഹുൽ പറഞ്ഞു. എടവണ്ണയിലെ വേദയിൽ ഭരണഘടനാ ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. വയനാട് മണ്ഡലത്തിൽ വോട്ടർമാരോട് നന്ദി പറയാനെത്തിയതാണ് രാഹുൽ.

ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവർ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നവരാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഞാൻ വലിയൊരു ധർമ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുൽ ​ഗാന്ധി ജനങ്ങളോട് ചോദിച്ചു.

‘മോദിയോട് പാരമാത്മാവ് സംസാരിക്കുന്നതുപോലെ എന്നോട് സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ ഒരു മനുഷ്യനാണ്. ജനങ്ങളാണ് എന്‍റെ ദൈവം.’ മോദിയെ പരിഹസിച്ച് രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. താനൊരു സാധാരണ മനുഷ്യനാണ്. താന്‍ ജൈവികമായി ഉണ്ടായ ആളല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താന്‍ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുത്തതെന്നും പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം എയര്‍പോര്‍ട്ടുകളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തെന്നും രാഹുൽ പരിഹസിച്ചു.

വൻ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിന് വലിയ വരവേൽപ്പാണ് വയനാട്ടിലെ ജനങ്ങൾ നൽകിയത്. മലപ്പുറം ജില്ലയിലെ എടവണ്ണയിലെത്തിയ രാഹുൽ റോഡ് ഷോ നടത്തി ജനങ്ങളെ കണ്ടു. നിരവധി പേരാണ് റോഡിന് ഇരുവശവും രാഹുലിനെ കാണാൻ നിരന്നത്. മുസ്ലിം ലീഗ്, കെഎസ്‍യു, കോൺഗ്രസ് പതാകകൾ വീശിയാണ് പ്രവ‍ർത്തർ രാഹുലിന് വേദിയിലേക്ക് സ്വീകരണം നൽകിയത്.

നേരത്തെ ലീഗിന്റെ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് അരീക്കോട് സംഘർഷം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീ​ഗ് പതാക ഉയ‍ർത്തിയുള്ള സ്വീകരണം. പരിപാടിയിൽ സംസാരിക്കവെ, രാഹുൽ ഗാന്ധിയോട് ഇഷ്ടമുള്ള മണ്ഡലം നിലനിർത്താൻ പികെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. ഏത് മണ്ഡലം നിലനിർത്തിയാലും വയനാട് സന്തോഷത്തോടെ സ്വീകരിക്കുമെന്നും കോൺ​ഗ്രസിന്റെ ഭാവിയാണ് പ്രധാനമെന്നും ബഷീർ പറഞ്ഞു. രാഹുലിനെ വേദിയിൽ ഇരുത്തിയാണ് പികെ ബഷീറിന്റെ പ്രസംഗം.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച രാഹുൽ പിന്നീട് ഉത്തർപ്രദേശില റായ്ബറേലിയിലും മത്സരിച്ചിരുന്നു. ഇരു മണ്ഡലത്തിൽ നിന്നും മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് രാഹുൽ വിജയിച്ചത്. ഇരു മണ്ഡലങ്ങളിലും ജയിച്ചതോടെ ഏത് മണ്ഡലമാകും രാഹുൽ നിലനിർത്തുക എന്ന ചർച്ച ഉയർന്നിരുന്നു. വയനാടാകും ഉപേക്ഷിക്കുക എന്നാണ് സൂചന. ഇക്കാര്യം എന്ന് പ്രഖ്യാപിക്കും എന്നതിൽ തീരുമാനം ആയിട്ടില്ല.

Post a Comment

أحدث أقدم
Join Our Whats App Group