Join News @ Iritty Whats App Group

മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ കസ്റ്റഡി നീട്ടി; തുടരന്വേഷണം ആവശ്യമാണെന്ന് ഇഡി


ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്‌റ്റഡി ജൂലൈ 3 വരെ നീട്ടി. കേസിൽ നിലവിലെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കുന്ന ജൂലൈ മൂന്നിന് കോടതി അടുത്ത വാദം കേൾക്കും. കെജ്‌രിവാളിന് പുറമെ, മെയ് മാസത്തിൽ അറസ്റ്റിലായ എക്സൈസ് പോളിസി കേസിലെ പ്രതി വിനോദ് ചൗഹാൻ്റെ ജുഡീഷ്യൽ കസ്റ്റഡിയും നീട്ടിയിട്ടുണ്ട്. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് കസ്‌റ്റഡി കാലാവധി നീട്ടിയത്.

വിഡിയോ കോൺഫറൻസ് വഴിയാണ് കെജ്‌രിവാൾ കോടതിയിൽ ഹാജരായത്. കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു. 2022ൽ റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുകളിൽ തുടരന്വേഷണം ആവശ്യമാണെന്ന് ഇഡി അറിയിച്ചു. അതേസമയം ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന ഇഡിയുടെ അപേക്ഷ കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു. കസ്റ്റഡി കാലാവധി നീട്ടുന്നത് ന്യായീകരിക്കാൻ ഒരു കാരണവുമില്ലെന്ന് അഭിഭാഷകൻ പറഞ്ഞു.

അതേസമയം മദ്യനയം രൂപീകരിക്കുന്നതിലും മദ്യം വിൽക്കുന്നതിനുള്ള ലൈസൻസിന് പകരമായി കൈക്കൂലി ആവശ്യപ്പെടുന്നതിലും കെജ്‌രിവാൾ പ്രധാന പങ്കുവഹിച്ചതായി അന്വേഷണ ഏജൻസി കരുതുന്നുണ്ട്. എഎപിക്ക് 100 കോടി കിക്ക്ബാക്ക് ലഭിച്ചതായി അന്വേഷണ ഏജൻസി പറഞ്ഞു. ഈ തുക ഉപയോഗിച്ച് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഫണ്ട് ചെയ്യാൻ ഉപയോഗിച്ചതായും അന്വേഷണ ഏജൻസി ആണ്ടെത്തിയിട്ടുണ്ട്.

2024 മാർച്ച് 21 നാണ് ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാൾ അറസ്റ്റിലാകുന്നത്. തുടർന്ന് ഏപ്രിൽ 1 ന് കെജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റി. ഇതിനിടെ കെജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താൽക്കാലിക ജാമ്യം കോടതി അനുവദിച്ചു. തുടർന്ന് ജൂൺ രണ്ടിന് തിരികെ ജയിലിലേക്ക് മടങ്ങുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group