Join News @ Iritty Whats App Group

പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകള്‍ ബാക്കിയാക്കി തോമസ് സി ഉമ്മന്‍ ; ഏക മകള്‍ ഐറിനെ കണ്ടു കൊതി തീരാതെ സിബിന്‍ ; മരണം മകളുടെ ആദ്യപിറന്നാളിന് നാട്ടില്‍ വരാനിരിക്കെ


തിരുവല്ല/മല്ലപ്പള്ളി: കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചതു പത്തനംതിട്ട ജില്ലയില്‍നിന്നുള്ള ആറുപേരാണ്. പന്തളം മുടിയൂര്‍ക്കോണം ഐരാണിക്കുഴി ശോഭാലയത്തില്‍ പരേതനായ ശശിധരന്റെ മകന്‍ ആകാശ് എസ്. നായര്‍ (32), കോന്നി അട്ടച്ചാക്കല്‍ കൈതക്കുന്ന് ചെന്നശേരില്‍ സജു വര്‍ഗീസ് (56), വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വാസുദേവന്‍ നായരുടെ മകന്‍ പി. മുരളീധരന്‍ (54), തിരുവല്ല പെരിങ്ങര മേപ്രാല്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ വീട്ടില്‍ ഉമ്മന്‍- റാണി ദമ്പതികളുടെ മകന്‍ ജോബി എന്നു വിളിക്കുന്ന തോമസ് സി. ഉമ്മന്‍ (37), കീഴ്‌വായ്പൂര്‍ തേവേറോട്ട് ഏബ്രഹാം മാത്യുവിന്റെ മകന്‍ സിബിന്‍ ടി. ഏബ്രഹാം (31), ചെങ്ങന്നൂര്‍ പാണ്ടനാട്ട് താമസിക്കുന്ന നിരണം സ്വദേശി മാത്യു തോമസ് എന്നിവരാണ് മരിച്ചത്.

പുതിയ വീട്ടില്‍ താമസിക്കുന്നതിനുവേണ്ടി ഓഗസ്റ്റില്‍ വരാനിരിക്കേയാണ് തോമസ് സി. ഉമ്മന്‍ അപകടത്തില്‍ മരിച്ചത്. അഞ്ചു വര്‍ഷം മുമ്പ് എന്‍.ഡി. ടെക്‌നീഷ്യനായാണ് തോമസ് കുവൈത്തിലെ കമ്പനിയില്‍ ജോലിക്കായി പോയത്. തീപിടിത്ത വിവരം അറിഞ്ഞ് ഭാര്യയും ബന്ധുക്കളും തോമസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. ഇന്നലെ രാവിലെ പത്രങ്ങളിലൂടെയാണ് മരണവിവരം അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകള്‍ക്കായി ഓഗസ്റ്റില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു.

മറിയാമ്മ ജോണിക്കുട്ടി ഭാര്യയും യു.കെ.ജി. വിദ്യാര്‍ത്ഥിയായ ജസീക്ക മകളുമാണ്.സിബിന്‍ ടി. ഏബ്രഹാം കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനം നാട്ടില്‍ വന്നു മടങ്ങിയത്. ഏക മകള്‍ ഐറിനെ കണ്ടു കൊതി തീരാതെയായിരുന്നു കുവൈത്തിലേക്കുള്ള മടക്കം. കട്ടപ്പന പുളിയന്‍ മല തെന്നാശേരില്‍ അഞ്ജുവാണ് ഭാര്യ. സിബിന്റെ മാതാവ് ആലീസ് മരണമടഞ്ഞിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളു. ഈ കമ്പനിയില്‍ 9 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു സിബിന്‍. അടുത്ത ഓഗസ്റ്റ് മാസം ഏക മകള്‍ ഐറിന്റെ ഒന്നാം പിറന്നാളിന് നാട്ടില്‍ വരാനിരിക്കയാണ് അത്യാഹിതം.

ഭാര്യ മാതാവിന്റെ മരണവുമായി ബന്ധപ്പെട്ട് ജനുവരിയില്‍ നാട്ടിലെത്തി ഫെബ്രുവരിലാണ് മടങ്ങിയത്. മകളുടെ മാമോദിസയും ആ സമയത്ത് നടത്തിയിരുന്നു. ഏക സഹോദരി ഷീബ കുവൈറ്റില്‍ നഴ്‌സായി കുടുംബസമേതം നാലു വര്‍ഷമായി താമസിച്ചുവരികയാണ്. അപകടത്തിന് ഒരു മണിക്കൂര്‍ മുന്‍പ് സിബിന്‍ ഭാര്യയുമായി ഫോണില്‍ വിളിച്ച് സംസാരിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ജോലികഴിഞ്ഞ് ഫ്‌ലാറ്റില്‍ എത്തിയ സിബിന്‍ മൂന്നുമണിക്ക് ഭാര്യയുമായി സംസാരിച്ച ശേഷമാണ് ഉറങ്ങാന്‍ കിടന്നത്.

Post a Comment

أحدث أقدم
Join Our Whats App Group