Join News @ Iritty Whats App Group

ആറളം ഫാം ആനമതിലിന്‍റെ നിർമാണം കാലാവധി എത്തിയിട്ടും പൂർത്തിയായത് ഒന്നര കിലോമീറ്റർ




ഇരിട്ടി: ഏറെ കൊട്ടിഘോഷിച്ച്‌ നാലു മന്ത്രിമാർ ഒന്നിച്ചെത്തി നിർമാണ ഉദ്ഘാടനം നിർവഹിച്ച ആറളം ആനമതിലിന്‍റെ നിർമാണം കാലാവധി എത്തിയിട്ടും പൂർത്തിയായത് ഒന്നര കിലോമീറ്റർ.ആറളം പുനരധിവാസ മേഖലയിലെ വന്യമൃഗ ശല്യം തടയുന്നതിനും മേഖലയിലെ താമസകരുടെ ജീവന് സംരക്ഷണം നല്കുന്നതിനുമാണ് ആനമതില്‍ നിർമാണം ആരംഭിച്ചത്. 

ആറളം വന്യജീവി സങ്കേതത്തിന്‍റെ അതിർത്തിയിലാണ് 53 കോടി രൂപ ചിലവില്‍ 10.50 കിലോമീറ്റർ ആന മതില്‍ നിർമിക്കുന്നത്. കാസർഗോഡ് ആസ്ഥാനമായ കമ്ബനിയാണ് 39 കോടി രൂപക്ക് ടെൻഡർ വിളിക്കുന്നത്. ആദ്യഘട്ടത്തില്‍ നിർമാണ പ്രവർത്തികള്‍ വളരെ വേഗത്തില്‍ പുരോഗമിച്ചെങ്കിലും അതെ വേഗതയില്‍ തന്നെ നിർമാണം നിലയ്ക്കുന്ന അവസ്‌ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. 

നാമമാത്രമായ തൊഴിലാളികളാണ് ഇന്ന് സൈറ്റില്‍ ജോലിചെയ്യുന്നത്. ആദ്യം പ്രവർത്തി ആരംഭിച്ച ബ്ലോക്ക് 13ലെ പരിപ്പുതോട് ഭാഗത്ത് നിർമാണം പകുതി വഴിയിലാണ്. ഇതുവഴി ആനകള്‍ പുനരധിവാസ മേഖലയിലേക്ക് യഥേഷ്ട്ടം പ്രവേശിക്കുന്നത്.

വനം വകുപ്പിന്‍റെ 
തടസവാദം 

നിർമാണം നടന്നുകൊണ്ടിരിക്കുമ്ബോള്‍ രണ്ട് മാസം മുന്പാണ് വനം വകുപ്പ് അതിർത്തിയില്‍ തർക്കം ഉന്നയിക്കുന്നത്‌. പുനരധിവാസ മേഖലയുടെയും ആറളം വന്യജീവി സങ്കേതത്തിന്‍റെയും അതിർത്തിയിലെ തർക്കം ഫോറസ്റ്റ് ഡിപ്പാർമെന്‍റ് സർവേ നടത്തി കണ്ടെത്തിയാല്‍ മാത്രമേ ഇവിടെ ആനമതില്‍ നിർമാണം സാധ്യമാകുകയുള്ളൂ. 

അതിർത്തി നിർണയത്തിലെ തടസങ്ങള്‍ നിർമാണത്തില്‍ വീണ്ടും തടസം നേരിട്ടു. നിർമാണ ഉല്പന്നങ്ങളുടെ ലഭ്യതയും കരാറുകാരന് ഫണ്ട് ലഭിക്കാൻ വൈകിയതും മെല്ലപ്പോക്കിന് കാരണമായി.

കാലാവസ്ഥ തടസം

മഴ കനക്കുന്നതോടെ വനാതിർത്തിയിലെ മതില്‍ നിർമാണം പൂർണമായും നിലക്കുന്ന നിലയിലാണ്. കാലാവസ്ഥ പ്രതികൂലം ആകുന്നതോടെ നിർമാണം നടക്കേണ്ട സ്ഥലങ്ങളിലേക്ക് വാഹനം എത്തിക്കാൻ കഴിയാതെവരും. ഇതോടെ വരുന്ന നാലുമാസത്തേക്ക് നിർമാണം പൂർണമായും തടസപ്പെടും. 

നിർമാണം നടക്കേണ്ട റീച്ചുകള്‍ എല്ലാം അതീവ ദുർഘടം പിടിച്ച സ്ഥലങ്ങളാണ്. നിലവിലെ നിർമാണത്തിന്‍റെ വേഗത കണക്കിലെടുത്താല്‍ അടുത്ത ഒരു സീസണ്‍ കൂടി നല്‍കിയാല്‍ പോലും ആനമതിലിന്‍റെ നിർമാണം പൂർത്തീകരിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. 

പുനരധിവാസ മേഖല 
ആശങ്കയില്‍ 

പുനരധിവാസ മേഖലയിലെ ആളൊഴിഞ്ഞ് കാടുപിടിച്ച പ്രദശകളും ഫാമും ആനത്താവളങ്ങള്‍ ആയതോടെ ആശങ്കയില്‍ ആയിരുന്ന ജനങ്ങളുടെ ഏക പ്രതീക്ഷ ആയിരുന്നു ആനത്തില്‍ . ജീവന് ഭീക്ഷണിയില്ലാതെ വഴിനടക്കാൻ കഴിയുന്ന സാഹചര്യം പ്രതീക്ഷിച്ചിരുന്ന ആദിവാസികള്‍ ആനമതില്‍ എന്ന സ്വപ്നം പൂർത്തിയാക്കാൻ ഇനിയും വർഷങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നത് അവരെ ആശങ്കയില്‍ ആക്കിയിരിക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group