Join News @ Iritty Whats App Group

എട്ടുലക്ഷം രൂപയുടെ ചെരുപ്പുമോഷണം : പോലീസ് കൈവിട്ടപ്പോള്‍ സംരംഭകന്‍ നേരിട്ടിറങ്ങി മോഷ്ടാക്കളെ പിടികൂടി

കാസര്‍ഗോഡ്: സീതാംഗോളിയിലെ കിന്‍ഫ്രാ പാര്‍ക്കില്‍നിന്നു എട്ടുലക്ഷം രൂപ വില വരുന്ന ചെരുപ്പുകള്‍ മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ നാലു പേര്‍ നാടകീയമായി പിടിയില്‍.

മൂന്നാഴ്ചയോളമായി മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതിനിടയിലാണ് നാലംഗ സംഘത്തെ സ്ഥാപനത്തിന്‍റെ ഉടമയും അദ്ദേഹത്തിന്‍റെ ബന്ധുക്കളും ചേർന്നു നടത്തിയ നിരന്തരമായ നിരീക്ഷണത്തിനൊടുവില്‍ പിടികൂടിയത്. 

മേയ് 22നാണ് സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന വെല്‍ഫിറ്റ് ഫുട്‌വേർ നിര്‍മാണ കമ്ബനിയിലാണ് കവര്‍ച്ച നടന്നത്. രണ്ടു തവണയായി എട്ടുലക്ഷം രൂപ വിലവരുന്ന ചെരുപ്പുകളും കമ്ബനി ലാപ്‌ടോപുമാണ് കവര്‍ച്ച പോയത്. കട്ടത്തടുക്കയിലെ നിസാറും പ്രവാസിയായ ഇദ്ദേഹത്തിന്‍റെ സുഹൃത്തും ചേര്‍ന്നാണ് കമ്ബനി നടത്തുന്നത്. ബദിയഡുക്ക പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസിന്‍റെ ഭാഗതത്തുനിന്ന് തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല തന്നെ പ്രതിയാക്കാനാണ് ശ്രമമാണ് പോലീസ് നടത്തിയതെന്ന് നിസാര്‍ ആരോപിക്കുന്നു.

ഇതോടെ കവര്‍ച്ചക്കാരെ പിടികൂടാന്‍ നിസാര്‍ നേരിട്ട് രംഗത്തിറങ്ങി. ബന്ധുവായ കുമ്ബളയിലെ കെ.ബി. അബ്ബാസിനെയും ഒപ്പംകൂട്ടി. ഞായറാഴ്ച ഇരുവരും കാസര്‍ഗോഡ് നഗരത്തില്‍ നടന്നുപോകവെ അടഞ്ഞുകിടക്കുന്ന കടവരാന്തയില്‍ ചെരുപ്പുകള്‍ വില്പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടു. സംശയം തോന്നി വില്പനയ്ക്ക് വച്ചിരിക്കുന്ന ചെരുപ്പുകള്‍ ആവശ്യക്കാരെന്ന വ്യാജേന വിശദമായി പരിശോധിച്ചു. അപ്പോഴാണ് ചെരുപ്പില്‍ വെല്‍ഫിറ്റ് കമ്ബനിയുടെ പേരു കണ്ടത്. ഇതോടെ വിലയുടെ കാര്യത്തില്‍ വില പേശുകയും കൂടുതല്‍ ചെരുപ്പുകള്‍ വേണമെന്നും വില്പനയ്ക്ക് വേണ്ടിയാണെന്നും അറിയിച്ചു. മുതലാളിയുമായി സംസാരിക്കാമെന്ന് ചെരുപ്പ് വില്പനക്കാര്‍ മറുപടി നല്‍കി. 

വിവരം ബദിയഡുക്ക പോലീസിനെ നിസാര്‍ അറിയിച്ചു. എന്നാല്‍ പോലീസ് എത്തിയില്ല. ഇതിനിടയില്‍ യുവാക്കളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ വില്പനക്കാര്‍ ചെരുപ്പുകള്‍ പെറുക്കിക്കൂട്ടി ഓട്ടോയില്‍ കയറ്റി. എന്നാല്‍ നിസാറും അബ്ബാസും ഓട്ടോയുടെ താക്കോല്‍ തന്ത്രപൂര്‍വം കൈക്കലാക്കി. ഡ്രൈവറും വില്പനക്കാരുമടക്കമുള്ള നാലു പേരെയും തടഞ്ഞുവച്ച ശേഷം കാസര്‍ഗോഡ് ടൗണ്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി യുവാക്കളെയും ചെരുപ്പും കസ്റ്റഡിയിലെടുത്തു. 

യുവാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നിസാറും അബ്ബാസും ഉപ്പള മജ്ബയലിലെ ഒരു വീട്ടിലെത്തി 10 ചാക്ക് ചെരുപ്പുകളും കമ്ബനിയില്‍നിന്ന് മോഷണെം പോയ ലാപ്‌ടോപും കണ്ടെടുത്തു. മഞ്ചത്തടുക്ക, മജ്ബയല്‍ സ്വദേശികളും ബന്ധുക്കളുമായ നാലുപേരാണ് കവര്‍ച്ചാ കേസില്‍ ഇപ്പോള്‍ പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. 

കിന്‍ഫ്ര പാര്‍ക്കിലെ ആയുര്‍നിധി ആയുര്‍വേദിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയില്‍ നിന്നും 4.5 ലക്ഷം രൂപ വിലവരുന്ന വെല്‍ഡിംഗ് മെഷീന്‍, പൈപ്പ്,കേബിള്‍ എന്നിവ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ കവര്‍ച്ചയ്ക്കു പിന്നിലും ഇതേസംഘമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

തങ്ങളുടെ ആടുകളെ മോഷ്ടിച്ച കളളന്മാരെ നാലു മാസത്തോളം നിരീക്ഷിച്ച്‌ പിന്തുടര്‍ന്ന് പിടികൂടിയ വ്യക്തിയാണ് നിസാറിന്‍റെ ബന്ധുവായ കുമ്ബള കുണ്ടങ്കാരടുക്കയിലെ കെ.ബി.അബ്ബാസ്.

Post a Comment

أحدث أقدم
Join Our Whats App Group