ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി. ഹൈക്കോടതി നടപടി അസാധാരണമെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതേസമയം ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങും മുന്‍പ് തീരുമാനമെടുക്കുന്നില്ലെന്നും ഇപ്പോള്‍ തീരുമാനമെടുത്താല്‍ അത് മുന്‍വിധിയാകുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഡല്‍ഹി മദ്യനയ കേസിൽ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ കോടതി അനുവദിച്ച ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തത്. തന്റെ ജാമ്യം ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറങ്ങാത്ത സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് ഹാജരാക്കാനും സുപ്രിംകോടതി കെജ്‌രിവാളിന് നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചിന്റേതാണ് തീരുമാനം.
ഡല്‍ഹി ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതിയുടെ മുന്‍കാല വിധികള്‍ക്ക് വിരുദ്ധമാണ് എന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി പറഞ്ഞു. ജാമ്യം അനുവദിച്ചതിന്റെ പിന്നാലെ ആദ്യ ദിവസം തന്നെ വിധി ചോദ്യം ചെയ്യുന്നത് അസാധാരണമാണ്. ജാമ്യ ഉത്തരവ് പുറത്തിറങ്ങും മുന്‍പാണ് ഇഡി വിധി ചോദ്യം ചെയ്തതെന്നും അഭിഷേക് മനു സിംഗ്വി കോടതിയെ അറിയിച്ചു
വിചാരണക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിട്ടും പുറത്തിറങ്ങാനായില്ല. ജാമ്യ ഉത്തരവ് തടയാന്‍ ഹൈക്കോടതിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കാനാവില്ല. കാരണങ്ങളില്ലാതെയാണ് സ്റ്റേ ഉത്തരവെന്നും അഭിഭാഷകൻ പറഞ്ഞു. ഉത്തരവ് ലഭിക്കാനായി ഹൈക്കോടതി ജഡ്ജി കാത്തിരുന്നില്ലെന്നും അരവിന്ദ് കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രിംകോടതിയെ അറിയിച്ചു.
إرسال تعليق