Join News @ Iritty Whats App Group

ഞങ്ങള്‍ക്ക് അത്തരം പരിപാടികളില്ല; ; ക്ഷേത്രത്തില്‍ മൃഗബലി പൂജയില്ല; വിവാദത്തിലേക്കു വലിച്ചിഴക്കരുത്; കര്‍ണാടകയുടെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്രം


കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ആരോപണത്തിന് മറുപടിയുമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വം. കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍ ഉന്നയിച്ചപോലുള്ള മൃഗബലി തുടങ്ങിയ ഒരു ആചാരങ്ങളും ക്ഷേത്രത്തിലില്ലന്നും ദേവസ്വം വ്യക്തമാക്കി.

രാജരാജേശ്വര ക്ഷേത്രം മൃഗബലി പൂജയുള്ളതല്ല. ക്ഷേത്രപരിസരത്തും മൃഗബലി പൂജകള്‍ നടന്നിട്ടില്ല. ക്ഷേത്രത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചത് മോശമായിപ്പോയെന്നും ടി.ടി.കെ. ദേവസ്വം ബോര്‍ഡംഗം ടി.ടി. മാധവന്‍ പറഞ്ഞു.
ഡി.കെ. ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രിയും ഇതിനിടെ രംഗത്തെത്തി.

കേരളത്തില്‍ ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്തതെന്നാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതികരിച്ചത്്. ഇത്തരത്തില്‍ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തിനു സമീപം മൃഗബലി നടന്നെന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ ആരോപണം. ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലാണു മൃഗബലി നടന്നതെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചെങ്കിലും അത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നാണു വിവരം. വരാനിരിക്കുന്ന കര്‍ണാടക എം.എല്‍.സി. തെരഞ്ഞെടുപ്പിനെക്കുറിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അവസാനമാണ് തീര്‍ത്തും അനൗദ്യോഗികമായും തമാശ മട്ടിലും ഉപമുഖ്യമന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ക്ഷേത്രം ഔദ്യോഗികമായി പ്രതികരിച്ചതോടെ പ്രസ്താവന ശിവകുമാര്‍ തിരുത്തിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും ശിവകുമാര്‍ പറഞ്ഞു.

കണ്ണൂര്‍ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് പൂജ നടന്നതെന്നും സ്ഥലം വ്യക്തമാകാന്‍ വേണ്ടിയാണ് ക്ഷേത്രത്തിന്റെ പേരു പറഞ്ഞതെന്നും ഡി.കെ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group