Join News @ Iritty Whats App Group

ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയൽ ലക്ഷ്യം; മെഡിക്കൽ ഷോപ്പുകളിൽ മിന്നൽ പരിശോധന


മലപ്പുറം: ഏറനാട് താലൂക്കിലെ മെഡിക്കൽ ഷോപ്പുകളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്‍റെ മിന്നല്‍ പരിശോധന. ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ അമൃത്’ ന്‍റെ ഭാഗമായിട്ടായിരുന്നു പരിശോധന. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകളും, ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ള ഷെഡ്യൂള്‍ എച്ച്, എച്ച് 1 മരുന്നുകളും വില്‍പ്പന നടത്തുന്നുണ്ടോയെന്ന് സംഘം പരിശോധിച്ചു. 

മെ‍ഡിക്കല്‍ ഷോപ്പുകളില്‍ രജിസ്റ്റേർഡ് ഫാർമസിസ്റ്റിന്റെ സേവനം ലഭ്യമാണോയെന്നതും നിയമ പ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ, ബില്ലുകൾ എന്നിവ സൂക്ഷിക്കുന്നുണ്ടോ എന്നതും പരിശോധനയുടെ ഭാഗമായിരുന്നു. മഞ്ചേരി, പൂക്കോട്ടൂർ, കാവനൂർ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കോഴിക്കോട് മേഖല അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം വർഗീസിന്റെ നേതൃത്വത്തിലുള്ള എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്) സംഘത്തിന്റെ പരിശോധന.

രജിസ്റ്റേർഡ് ഫാർമസിസ്റ്റില്ലാതെ പ്രവർത്തിച്ച തൃക്കലങ്ങോടുള്ള സ്വകാര്യ ക്ലിനിക്കിനെതിരെ കേസെടുത്തു. ഫാർമസിസ്റ്റിന്റെ മേൽനോട്ടത്തിലല്ലാതെ മരുന്ന് വിൽപ്പന നടത്തുന്ന കാവനൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിനും, മേൽമുറിയിലെ മെഡിക്കൽ ഷോപ്പിനും മരുന്ന് വിൽപ്പന നിർത്തി വെക്കാൻ നോട്ടീസ് നൽകി. ഗുണ നിലവാരം നഷ്ടപ്പെടുന്ന രീതിയിൽ അശാസ്‌ത്രീയമായി സൂക്ഷിച്ച ഇൻസുലിൻ ഉൾപ്പെടെയുള്ള 13,000 രൂപ വില വരുന്ന മരുന്നുകളുടെ തുടർ വിൽപ്പന തടഞ്ഞു. ചില സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റിന്റെ മുഴുവൻ സമയ സേവനം ലഭ്യമല്ല എന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.  

അനധികൃതമായി ആന്റിബയോട്ടിക് മരുന്നുകൾ വിപണിയിൽ എത്തുന്നത് തടയാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് രൂപം കൊടുത്ത "ഓപ്പറേഷൻ ഡബിൾ ചെക്ക്"ന്റെ ഭാഗമായി ഔഷധ മൊത്ത വ്യാപാര സ്ഥാപനങ്ങളിലും സ്ക്വാഡ് പരിശോധന നടത്തി. ആന്റിബയോട്ടിക്ക് മരുന്നുകളുടെ പർച്ചേസ് വിതരണ രേഖകൾ പരിശോധിച്ചു. അനധികൃതമായി മരുന്നുകൾ വരുന്നില്ല എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടെങ്കിലും, മറ്റ് ചില ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. 

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട എ.എം.ആര്‍ സ്ക്വാഡ് ഇരുപതോളം സ്ഥാപങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കോഴിക്കോട് റീജിയണൽ ഇൻസ്‌പെക്ടർ വി.എ വനജ, മലപ്പുറം ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ ഡോ. എം.സി നിഷിത്, ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്‌പെക്ടർ വി.കെ ഷിനു , ഡ്രഗ്സ് ഇൻസ്‌പെകടർമാരായ ടി.എം അനസ്, ആര്‍. അരുൺ കുമാർ, സി.വി നൗഫൽ, യു. ശാന്തി കൃഷ്ണ, കെ. നീതു, വി.എം ഹഫ്‌സത്ത്, യൂനസ് കൊടിയത്ത് എന്നിവരും പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group