Join News @ Iritty Whats App Group

മരുന്നുകളുടെ ദുരുപയോഗം; മെഡിക്കല്‍ ഷോപ്പുകളുടെ അകത്തും പുറത്തും സിസിടിവി സ്ഥാപിക്കാൻ കർശന നിർദ്ദേശം



സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലും അകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാൻ കർശന നിർദ്ദേശം. ലഹരിക്കായി കുട്ടികള്‍ മരുന്ന് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നീക്കം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ക്യാമറകള്‍ സ്ഥാപിക്കാൻ നിർദേശമുള്ളത്.

മെഡിക്കല്‍ ഷോപ്പുകളിൽ ഒരു മാസത്തിനകം ക്യാമറകള്‍ വെക്കണമെന്ന് മലപ്പുറത്ത് കളക്ടര്‍ ഉത്തരവിറക്കി. മറ്റുജില്ലകളിലും സമാനരീതി പിന്തുടരും. ഡോക്ടറുടെ കുറിപ്പടിയോടെമാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫാര്‍മസികളിലും നിരീക്ഷണക്യാമറ ഒരുക്കാനാണ് നിര്‍ദേശം.

ക്യാമറകള്‍ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി പരിശോധിക്കണം. ക്യാമറാദൃശ്യം ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫീസര്‍ എന്നിവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം.

മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ദേശീയതലത്തില്‍ സാമൂഹികനീതിവകുപ്പ് നടത്തിയ പഠനത്തില്‍ രാജ്യത്ത് 272 ജില്ലകളില്‍ പ്രത്യേകശ്രദ്ധ വേണ്ടതായി കണ്ടെത്തിയിരുന്നു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍.സി.പി.സി.ആര്‍.), നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) എന്നിവര്‍ചേര്‍ന്ന് കര്‍മപദ്ധതി നടപ്പാക്കുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group