കൊല്ലം: ബസില്‍ നിന്ന് തെറിച്ചു വീഴാന്‍ പോയ യാത്രക്കാരനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി കണ്ടക്ടര്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ചവറ-പന്തളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന 'സുനില്‍' ബസിലായിരുന്നു സംഭവം. കാരാളിമുക്കില്‍ നിന്നു കയറിയ യുവാവ് ബസ് വളവു തിരിയുമ്പോള്‍ കമ്പിയില്‍ നിന്ന് പിടിവിട്ട് അപ്രതീക്ഷിതമായി പുറത്തേക്കു തെറിക്കുകയായിരുന്നു.
യുവിവിന്റെ ദേഹം തട്ടി ബസിന്റെ വാതിലും തുറന്നു. തൊട്ടടുത്തുണ്ടായിരുന്ന കണ്ടക്ടര്‍ ബിജിത്ത് ലാല്‍(ബിലു-33) പൊടുന്നനെ യുവാവിന്റെ കൈയില്‍ പിടിച്ചുനിര്‍ത്തി. ഒറ്റക്കൈകൊണ്ട് വീഴാതെ പിടിച്ചുനിര്‍ത്തുന്നതിനിടെ യാത്രക്കാരിലൊരാള്‍ ബസിന്റെ ഡോര്‍ അടച്ചു. കണ്ടക്ടറുടെ സമയോചിത ഇടപെടലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ബസിനുള്ളിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം 'ദൈവത്തിന്റെ കൈ' എന്ന ഹാഷ് ടാഗോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കണ്ടക്ടര്‍ ബിജിത്ത് ലാലിന്റെ മിന്നല്‍ വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനം പുറംലോകമറിഞ്ഞത്.
ഒരു ജീവന്‍ രക്ഷിക്കാനായെന്ന സന്തോഷമാണ് ബിജിത്ത് ലാലിന്. 'കാരാളി മുക്കില്‍ നിന്നു കയറിയ യുവാവ് ശാസ്താംകോട്ടയ്ക്ക് ടിക്കറ്റ് എടുത്തു. ബാലന്‍സ് വാങ്ങാനായി വാതിലിനോട് ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. ബസ് വളവ് തിരിയുമ്പോള്‍ പിടിച്ചിരുന്ന കമ്പിയില്‍ നിന്ന് പിടിവിട്ട് പുറത്തേക്ക് തെറിച്ചു. യുവാവിന്റെ ശരീരം തട്ടി ബസിന്റെ വാതിലും തുറന്നു. ഈ സമയം പൊടുന്നനെ യുവാവിനെ പിടിക്കുകയായിരുന്നു.' -ബിജിത്ത് ലാല്‍ പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനം അറിയിച്ചു.
إرسال تعليق