തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. പൊതുജനങ്ങൾക്ക് ഇരു ചക്ര വാഹനങ്ങൾ മുതൽ ബസ് വരെ ഓടിക്കാൻ പരിശീലനം നൽകുന്ന സ്ഥാപനം 10 മുതൽ 40 ശതമാനം വരെ ഫീസ് ഇളവിലാണ് പ്രവർത്തനം ആരംഭിക്കുക. പരിശീലനം നൽകുന്നതിനുള്ള ബസുകൾ നിലവിൽ കെഎസ്ആർടിസിക്കുണ്ട്.
കാറും ഇരുചക്ര വാഹനങ്ങളും ഡ്രൈവിംഗ് പരിശീലനത്തിനായി കെഎസ്ആർടിസി അടുത്തിടെ വാങ്ങി. ആൾട്ടോ കെ ടെണ് കാർ, ഹീറോ ബൈക്ക്, സ്കൂട്ടർ എന്നിവയും കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി വാങ്ങിയിട്ടുണ്ട്. രണ്ടു പരിശീലകരെയാണ് തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി നിയോഗിക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം സംബന്ധിച്ച് ഡ്രൈവിഗ് സ്കൂൾ ഉടമകളും സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെയാണ് കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നത്. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകണമെന്നു ഡ്രൈവിംഗ് സ്കൂളുകൾ ആവശ്യപ്പെടുന്പോൾ പുതിയ വാഹനങ്ങളാണ് കെഎസ്ആർടിസി ഡ്രൈവിംഗ് പരിശീലനത്തിനായി ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയം.
സംസ്ഥാനത്തെ ഡ്രൈവിംഗ് പഠന നിലവാരം ഉയർത്തുകയാണ് ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്കർഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിംഗ് പരിശീലന കേന്ദ്രങ്ങളിലെ രീതിയാണ് കെഎസ്ആർടിസിയും സ്വീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരത്തെ ഡ്രൈവിംഗ് സ്കൂളാകും ആദ്യം സജ്ജമാകുക. കംപ്യൂട്ടർ അധിഷ്ഠിത ഡ്രൈവിംഗ് പരിശീലന കേന്ദ്രവും ഒരുക്കുന്നുണ്ട്. ഇതിൽ പരിശീലനം നൽകിയ ശേഷമാകും വാഹനങ്ങളിൽ പഠനം. കെഎസ്ആർടിസി ഡ്രൈവർമാർക്കു പരിശീലനം നൽകിയിരുന്നവരെയാണ് ഡ്രൈവിംഗ് സ്കൂളുകളിലും നിയോഗിക്കുന്നതിനു തയാറെടുക്കുന്നത്.
കെഎസ്ആർടിസിയുടെ ആനയറ സ്റ്റേഷനു സമീപമാണ് ഡ്രൈവിംഗ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിംഗ് കോളജിലാണ് തിയറി ക്ലാസുകൾ നടക്കുക. തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്ത് ആറിടത്താണ് ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുക.
കാർ, ബസ് ഡ്രൈവിംഗ് പഠിക്കാൻ കെഎസ്ആർടിസി 9000 രൂപയാണ് ഫീസ് ഈടാക്കുന്നത്. ഇരു ചക്ര വാഹനങ്ങൾ ഓടിക്കാൻ പഠിക്കുന്നതിന് 3500 രൂപയാണ് ഫീസ്. കാറും ഇരുചക്ര വാഹനവും ചേർത്ത് 11000 രൂപയുടെ പ്രത്യേക പാക്കേജും ഉണ്ട്.
إرسال تعليق