എറണാകുളം: പരീക്ഷ പുനപരിശോധനയിലൂടെ ഇരട്ടിമാർക്ക് കിട്ടിയതിന്റെ ഞെട്ടലിലും ആശ്വാസത്തിലുമാണ് എറണാകുളം മുപ്പത്തടത്തെ കൃഷ്ണവേണി. സാമൂഹ്യശാസ്ത്രം പരീക്ഷയിൽ 34 മാർക്കും സി പ്ലസുമായിരുന്ന കൃഷ്ണവേണിക്ക് പുനപരിശോധനാ ഫലം വന്നപ്പോൾ 68 മാർക്കും എ ഗ്രേഡുമായി. മൂല്യനിർണ്ണയം നടത്തിയ അദ്ധ്യാപകരുടെ അശ്രദ്ധ കാരണം താൻ അനുഭവിച്ച മാനസിക സംഘർഷത്തിന് ഇതൊന്നും പകരമാകില്ലെന്നാണ് ഈ വിദ്യാർത്ഥിക്ക് പറയാനുള്ളത്.
ഫുൾ എ പ്ലസ്സിനായാണ് പഠിച്ചത്. ഫലം വന്നപ്പോൾ ഏഴ് എ പ്ലസ്സും രണ്ട് എ ഗ്രേഡും. സാമൂഹ്യശാസ്ത്രത്തിന് മാത്രം സി പ്ലസും. നന്നായെഴുതിയ പരീക്ഷയ്ക്ക് എന്ത് പറ്റിയെന്ന് അറിയാതെ കൃഷ്ണവേണി ആകെ നിരാശയിലായി. മകളുടെ സങ്കടം കണ്ട അച്ഛനും അമ്മയും വൈകാതെ പുനർമൂല്യനിർണ്ണയത്തിനും പരീക്ഷ പേപ്പറിന്‍റെ പകർപ്പിനും അപേക്ഷ നൽകി. ഫലം വന്നപ്പോഴാണ് ശരിക്കും ഞെട്ടിയത്. സാമൂഹ്യശാസ്ത്രത്തിന് മാർക്ക് ഇരട്ടിയായി. സി പ്ലസ് എ ഗ്രേഡായി.
പഴയ മാർക്കിൽ രജിസ്റ്റർ ചെയ്ത പ്ലസ് വൺ ട്രയൽ അലോട്ട്മെന്‍റിൽ ഏറെ പിറകിലായി. പുതിയ മാർക്കിൽ രജിസ്റ്റർ ചെയ്തപ്പോൾ മാറ്റം വന്നു. എങ്കിലും ഫലം വന്ന മെയ് എട്ട് മുതൽ പുനപരിശോധന ഫലം വന്ന ഈ ദിവസങ്ങൾ വരെ കടന്ന് പോയ സങ്കടം വലുതെന്ന് ഈ പതിനഞ്ച് വയസ്സുകാരി പറയുന്നു.
"ഒരു വർഷത്തെ കഷ്ടപ്പാടാണ്. അത്രയും ആത്മവിശ്വാസത്തോടെ എഴുതിയ പരീക്ഷ്യ്ക്ക് സി പ്ലസ് ഗ്രേഡ് എന്നുപറയുമ്പോള്‍ വേദന തോന്നും. സി പ്ലസ് എന്നാൽ ജസ്റ്റ് പാസ്. മാർക്ക് വളരെ കുറവാണല്ലോയെന്ന് ബന്ധുക്കളൊക്കെ ചോദിച്ചു. 34ഉം 34ഉം കൂട്ടിയിടേണ്ട സ്ഥലത്ത് 34 എന്നുതന്നെയാണ് ഇട്ടിരിക്കുന്നത്. ഫലം വന്നു കുറേ നാൾ ഉറങ്ങാൻ കഴിഞ്ഞില്ല"- കൃഷ്ണവേണി പറയുന്നു.
ആത്മവിശ്വാസം വീണ്ടെടുത്ത് തുടർപഠനത്തിന് തയ്യാറെടുക്കുകയാണ് ഈ വിദ്യാർത്ഥി. കുട്ടികളോട് ശ്രദ്ധിക്കണമെന്ന് നിരന്തരം ഓർമിപ്പിക്കുന്ന അദ്ധ്യാപകരോട് അത് തന്നെയാണ് കൃഷ്ണവേണിക്കും പറയാനുള്ളത്. പുനപരിശോധന നടത്തിയില്ലെങ്കിൽ എന്ത് ആകുമായിരുന്നു എന്ന ചോദ്യവും.
إرسال تعليق