തലശേരി: എരഞ്ഞോളി കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ബോംബു പൊട്ടി വയോധികൻ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കും. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (90) ആണ് മരിച്ചത്.
തലശേരി എഎസ്പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലാണ് അന്വേഷണം. ബോംബ് പൊട്ടിയ സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിൽ ഇന്നലെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആളൊഴിഞ്ഞ വീട്ടുപറന്പിൽ എങ്ങനെ ബോംബ് വന്നുവെന്നാണ് പ്രാഥമിക അന്വേഷണം. ഈ പറന്പിന്റെ നാലഞ്ച് വീടുകൾക്കപ്പുറത്താണ് വേലായുധന്റെ വീട്.
ആളൊഴിഞ്ഞ പറന്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി വരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. പൊട്ടിയ സ്റ്റീൽ ബോംബ് അടുത്തിടെ ഉപേക്ഷിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്.പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണ് സ്ഫോടനം ഉണ്ടായത്.
കൂലിപ്പണിക്കാരനാണ് മരിച്ച വേലായുധൻ. വേലായുധന്റെ സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് കുണ്ടുചിറ ശ്മശാനത്തിൽ നടക്കും.ഭാര്യ: പരേതയായ ഇന്ദ്രാളി. മക്കൾ: ജ്യോതി, ഹരീഷ്, മല്ലിക. മരുമക്കൾ: രാജീവൻ, ഷിൽന. സഹോദരങ്ങൾ: ചന്ദ്രൻ, സുബ്രഹ്മണ്യൻ, രാജൻ, മാണിയൻ, കാർത്യായനി.
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബുകൾക്കായി റെയ്ഡ്
കണ്ണൂർ: തലശേരി എരഞ്ഞോളിയിൽ ഇന്നലെ ആൾതാമസമില്ലാത്ത വീട്ടുപറന്പിൽ തേങ്ങപെറുക്കുന്നതിനിടെ ബോംബ് പൊട്ടി വയോധികൻ മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പോലീസ് ബോംബുകൾക്കും ആയുധങ്ങൾക്കുമായി പരിശോധനയാരംഭിച്ചു. കണ്ണൂർ ജില്ലയുടെ അതിർത്തി പങ്കിടുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിൽകോഴിക്കോട് പോലീസും പരിശോധന നടത്തുന്നുണ്ട്.
പാനൂർ, തലശേരി, ന്യൂമാഹി, കൂത്തുപറന്പ് മേഖലകളിൽ നേരത്തെ ബോംബ് നിർമാണം, സ്ഫോടനം, എന്നിവ നടന്നിട്ടുള്ള പ്രദേശങ്ങളിലെ ആൾപെരുമാറ്റമില്ലാത്ത പറന്പുകൾ, നിർമാണത്തിലിരിക്കുന്ന വീടുകൾ, ആൾതാമസമില്ലാത്ത വീടുകൾ, കനാൽക്കരയോട് ചേർന്നുള്ള കുറ്റിക്കാടുകൾ, കലുങ്കുകൾ, കുന്നിൻപുറങ്ങൾ, കശുവണ്ടിത്തോട്ടം, ചെങ്കൽ-കരിങ്കൽ ക്വാറിമേഖലകൾ എന്നിവിടങ്ങങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തി വരുന്നത്.
إرسال تعليق