Join News @ Iritty Whats App Group

സിം കാർഡ് ശ്രദ്ധിച്ചില്ലെങ്കിൽ ഇനി പിടിവീഴും; ലംഘിച്ചാൽ രണ്ട് ലക്ഷം വരെ പിഴ, ഒരാൾക്ക് പരമാവധി എണ്ണം എത്ര?



ന്യൂഡൽഹി: നമ്മളിൽ ഭൂരിഭാഗം പേരും ഒന്നിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ്. അതിൽ ചിലതൊക്കെ നമുക്ക് ഒഴിവാക്കാൻ സാങ്കേതികമായ ചില ബുദ്ധിമുട്ടുകളും കാണും. പ്രത്യേകിച്ച് വെവ്വേറെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പിച്ചതും മറ്റുമായ സിം കാർഡുകൾ ഉപേക്ഷിക്കുക സാധ്യമായ കാര്യമല്ല. എന്നാൽ പുതിയ ടെലികോം നിയമത്തിൽ സിം കാർഡുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ കാര്യം കൂടുതൽ പേരും അറിഞ്ഞുകാണില്ല.

മുൻകാലങ്ങളിലേത് പോലെയല്ല ഇനി സിം കാർഡ് എണ്ണത്തിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെ പാലിച്ചില്ലെങ്കിൽ നമ്മളെ കാത്തിരിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയും നിയമ നടപടികളും ഒക്കെയാണ്. കുറ്റകൃത്യങ്ങൾക്കും മറ്റുമായി ഒരേ പേരിൽ ഒട്ടേറെ സിമ്മുകൾ ഉപയോഗിക്കുന്നതും, മറ്റ് നിയമ ലംഘനങ്ങൾ പതിവാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കുന്നത്.


പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകൾ:

ഒരാൾക്ക് അനുവദിച്ച എണ്ണത്തിലേറെ സിം കാർഡുകൾ ഉപയോഗിച്ചാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ പിഴ ലഭിക്കുന്നത് ഉറപ്പാക്കുന്ന പുതിയ നിയമമാണ് ജൂൺ 26 മുതൽ പ്രാബല്യത്തിൽ വരുന്നത്. പുതിയ ടെലികോം നിയമം പ്രകാരം 9 സിം കാർഡുകൾ വരെ ഒരാളുടെ പേരിലെടുക്കാൻ കഴിയും. എന്നാൽ രാജ്യത്ത് എല്ലായിടത്തും ഇത് ഒരുപോലെയല്ല.

ജമ്മു കശ്‌മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 6 സിം കാർഡുകൾ മാത്രമാണ് ഒരാളുടെ പേരിൽ എടുക്കാൻ കഴിയുന്നത്. മേൽപറഞ്ഞ പിഴത്തുകയിൽ രണ്ട് ലക്ഷം പരമാവധിയാണ്. ആദ്യചട്ടലംഘനത്തിനാണ് 50,000 രൂപ പിഴ ഈടാക്കുക. ഇത് വീണ്ടും ആവർത്തിക്കുയാണെങ്കിൽ 2 ലക്ഷം രൂപ വരെ ഈടാക്കും.

കൂടാതെ അനുവാദമില്ലാതെ മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഇല്ലാതെ സിം കാർഡ് എടുത്താലും വലിയ ശിക്ഷ തന്നെയാണ് കാത്തിരിക്കുന്നത്. ഇതിന് പിഴ ഈടാക്കുക മാത്രമല്ല തടവ് ശിക്ഷ ഉൾപ്പെടെ കിട്ടും. ചതിയിൽപ്പെടുത്തി മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം കാർഡ് എടുത്താൽ 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ അതല്ലെങ്കിൽ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും എന്നാണ് നിയമത്തിൽ പറയുന്നത്.

മറ്റ് പ്രധാന വകുപ്പുകൾ

അനധികൃത മെസേജുകളും കോളുകളും ചോർത്തുകയോ സമാന്തര ടെലികോം സേവനം നൽകുകയോ ചെയ്യുന്നത് പിടിക്കപ്പെട്ടാൽ ഇത്തരക്കാർക്ക് 3 വർഷം തടവോ 2 കോടി രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും. രാജ്യത്തെ ടെലികോം സേവനങ്ങൾക്ക് തകരാറുണ്ടാക്കുന്ന രീതിയിൽ എന്തെങ്കിലും പ്രവർത്തിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കാനും പുതിയ നിയമം നിഷ്‌കർഷിക്കുന്നു.

കൂടാതെ അനധികൃത വയർലെസ് ഉപകരണം കൈവശം വയ്ക്കുക എന്ന കുറ്റത്തിന് 50,000 മുതൽ 2 ലക്ഷം രൂപ വരെ പിഴയീടാക്കും. ടെലികോം സേവനങ്ങൾ തടസപ്പെടുത്തുന്ന എന്തെങ്കിലും തരത്തിലുള്ള അനധികൃത ഉപകരണങ്ങൾ കൈവശം വയ്ക്കുകയാണെങ്കിൽ 3 വർഷം വരെ തടവോ 50 ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ലഭിക്കുമെന്നും പുതിയ ടെലികോം നിയമത്തിൽ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group