ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു. ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവന ചര്‍ച്ചയായതോടെ ഇനിയുള്ള തെരഞ്ഞെടുപ്പുകള്‍ ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന ആവശ്യവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ലോകത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ധര്‍ പോലും ഇവിഎമ്ില്‍ ക്രമക്കേട് സാധ്യമെന്ന് പറയുകയാണെന്നും എന്തിനാണ് ഇവിഎം അടിച്ചേല്‍പ്പിക്കുന്നതെന്ന് ബിജെപി വിശദീകരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതേസമയം, ഇലോണ്‍ മസ്ക്കിന്‍റെ വാദം തെറ്റെന്നും ബാലറ്റ് പേപ്പറിനെക്കാള്‍ സുരക്ഷിതവും വിശ്വാസ്യതയും ഇവിഎമ്മിനുണ്ടെന്നുമാണ് മുന്‍ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന്‍റെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നുവെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. പ്യൂർട്ടോ റിക്കോയില്‍ പ്രൈമറി തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ഉണ്ടായെന്ന വിവാദം തുടരുമ്പോഴാണ് ഇവിഎം യന്ത്രങ്ങളെ കുറിച്ച് ഇലോണ്‍ മസ്ക് പ്രതികരിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ മനുഷർക്കോ നിർമിത ബുദ്ധി വഴിയോ ഹാക്ക് ചെയ്യാൻ കഴിയുമെന്നും വോട്ടിങ് യന്ത്രങ്ങള്‍ ഉപേക്ഷിക്കണമെന്നും സ്പെസ് എക്സ് മേധാവിയായ ഇലോണ്‍ മസ്ക് പറഞ്ഞു. മുൻ അമേരിക്കൻ പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തിരവൻ റോബർട്ട് എഫ് കെന്നഡിയുടെ പ്രതികരണത്തിലായിരുന്നു മസ്കിന്‍റെ പ്രസ്താവനയെങ്കിലും വിഷയം ചർച്ചയാകുന്നത് ഇന്ത്യയിലാണ്. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ നേരത്തെ മുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷം പ്രസ്താവന ഏറ്റെടുക്കുകയാണ്.
ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ഗാന്ധി ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും പറഞ്ഞു. പ്രസ്താവന മുൻ ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ഇലോണ്‍ മസ്കും തമ്മിലുള്ള വാക്പോരിനും വഴിവെച്ചു. മസ്ക്കിന്‍റെ വാദം ഇൻറർനെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയില്‍ ബാധകമായിരിക്കും. എന്നാല്‍, ഇന്ത്യയിലെ ഇവിഎമ്മുകള്‍ ബ്ലൂടുത്തോ ഇന്‍റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്തും ഹാക്ക് ചെയ്യാമെന്നായിരുന്നു ഇതിനോടുള്ള മസ്കിന്‍റെ പ്രതികരണം. ആ വാദം സാങ്കേതികമായി ശരിയാണെങ്കിലും ബാലറ്റിലെ വോട്ടിങിനേക്കാള്‍ എത്രയോ വിശ്വാസ്യതയും സുരക്ഷിതവും ഇവിഎമ്മിനുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ശിവസേന ഷിൻഡെ വിഭാഗം നേതാവ് 48 വോട്ടുകള്‍ക്ക് വിജയിച്ചതിലെ വിവാദം കൂടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രതികരണം. രാഹുലിന് പിന്നാലെയാണ് അഖിലേഷ് യാദവ് ബാലറ്റിലേക്ക് മടങ്ങിപോവണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
إرسال تعليق