കൊച്ചി: യാക്കോബായ -ഓർത്തഡോക്സ് പള്ളി തർക്കത്തിൽ പള്ളികൾ ഏറ്റെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് ഉടൻ നടപ്പാക്കുമെന്ന് വ്യക്തമാക്കിയ സർക്കാർ ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടികൾ വൈകിയതെന്നും അറിയിച്ചു. തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സംബന്ധിച്ചാണ് സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. കോടതി നിർദേശം കണക്കിലെടുത്ത് അടുത്ത ദിവസം തന്നെ പള്ളികൾ ഏറ്റെടുക്കുമെന്നാണ് സർക്കാരിന്റെ വിശദീകരണം.
യാക്കോബായ ഓർത്തഡോക്സ് പളളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി കടുത്ത വിമർശനമുന്നയിച്ചിരുന്നു. പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന നിർദേശത്തിൽ സർക്കാർ നടപടികൾ വെറും പ്രഹസനമായിപ്പോയെന്ന് സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. പളളികൾ ഏറ്റെടുക്കാൻ മുതിർന്നാൽ ക്രമസമാധന പ്രശ്ന ഉണ്ടാകുമെന്ന സർക്കാർ വാദം പരിഗണിക്കാനാകില്ല. നാളെ ആരെങ്കിലും സെക്രട്ടേറിയേറ്റ് വളഞ്ഞാലും ഇതായിരുക്കുമോ നിലപാടെന്ന് കോടതി ചോദിച്ചു. ഭരണഘടനാ സംവിധാനം തകർന്നു എന്ന് കരുതേണ്ടിവരുമോയെന്നും സർക്കാരിനോട് കോടതി ആരാഞ്ഞു. ഉത്തരവ് നടപ്പാക്കാൻ തടസം നിന്നാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്നും യാക്കോബായ വിഭാഗത്തിന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹർജി ജൂലൈ എട്ടിന് പരിഗണിക്കാനായി മാറ്റി.
إرسال تعليق